കൊതിച്ച ഇൽമ്, ഒടുവിൽ വിരൽത്തുമ്പിൽ!

രു സായാഹ്നനേരം വെറുതെയിരുന്ന് ഓരോന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് പെട്ടെന്ന് അതോർമ്മ വന്നത്; ഖുലാസ എന്ന കോഴ്സിന്റെ പരസ്യം ഫോണിൽ കാണാറുണ്ട്. ഒന്ന് വിളിച്ച് അന്വേഷിക്കാം… ഒന്നും ആലോചിച്ചില്ല. അന്ന് വരെ റിപ്ലൈ ഒന്നും കൊടുക്കാതിരുന്ന ആ ഫോൺ നമ്പറിലേക്ക് വിളിച്ചു. ഖുലാസയെക്കുറിച്ച് അന്വേഷിച്ചു, കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. മറുപടിയെല്ലാം കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. മാത്രമല്ല, ചെറുപ്പം മുതലേ ‘ഫത്ഹുൽ മുഈൻ’ എന്ന അതിമഹത്തായ ആ ഗ്രന്ഥത്തോട് വലിയ ബഹുമാനവും ആദരവുമായിരുന്നു. പക്ഷേ, അതൊന്നും ഇനി നമുക്ക് പഠിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് വിധിയെഴുതിയിരിക്കുന്ന കാലം… എന്നാൽ ആ ഫത്ഹുൽ മുഈൻറെ ചുരുക്കമാണ് ഖുലാസ എന്ന ഈ കോഴ്സിന്റെ അടിസ്ഥാനം എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി.

അങ്ങനെ കോഴ്സിലൊക്കെ ചേർന്നു. തുടക്കത്തിൽത്തന്നെ ഈ സംരംഭത്തെക്കുറിച്ചുള്ള ഗൂഗിൾ മീറ്റ് നൗഫൽ ഉസ്താദ്, സ്വലാഹുദ്ദീൻ ഉസ്താദ് എന്നിവരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. അതിൽനിന്നും ഖുലാസ പഠിക്കുന്നതിന്റെ മഹത്വം തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാൻ കഴിഞ്ഞു. തുടക്കത്തിൽ സംശയങ്ങളും മറ്റും ഉണ്ടായിരുന്നുവെങ്കിലും ഓരോ ക്ലാസ്സ് കഴിയുമ്പോഴേക്കും അതെല്ലാം മാറിവന്നു. മാത്രമല്ല, അഡ്മിന്മാരായ നാജിഹ, തസ്നീം, മഹ്ദിയ തുടങ്ങിയവരിൽനിന്നൊക്കെ നല്ല പ്രചോദനവും പിന്തുണയും ഉണ്ടായിരുന്നു. الحمد لله..

ഇപ്പോൾ ക്ലാസ്സൊക്കെ മുടങ്ങാതെ കേൾക്കുന്നുണ്ട്, എല്ലാ ഗൂഗിൾ മീറ്റിലും പങ്കെടുക്കുന്നുണ്ട്. ഇതിൽനിന്ന് വലിയൊരു കാര്യം മനസ്സിലായി—സമയത്തിന്റെ വില! നമ്മുടെ വിരൽത്തുമ്പിൽ ഖുലാസ പഠിക്കാൻ കഴിയുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സിം മീഡിയ, ഉസ്താദുമാർ, അഡ്മിന്മാർ അവർ ഏറ്റെടുക്കുന്ന ദൗത്യം… അതെല്ലാം എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. ഈ കാലഘട്ടത്തിൽ ഇങ്ങനെ പഠിക്കാനൊരു അവസരം! അല്ലാഹു എല്ലാം ഖബൂൽ ചെയ്യട്ടെ.

നാം ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചു എന്നല്ലാതെ ജീവിതത്തിൽ വല്ലതും നേടിയോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അതെല്ലാം വിശദീകരിച്ചു പഠിപ്പിച്ചുതരുന്ന ഖുലാസ കോഴ്സിന്റെ ക്ലാസ്സിൽനിന്നും വേറിട്ടൊരു അനുഭവം ഞാൻ തിരിച്ചറിഞ്ഞു. അത് പൂർത്തീകരിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ, ആമീൻ..

നാളെ പരലോകത്ത് സമയത്തെ എന്തിനാണ് ചെലവഴിച്ചത് എന്ന് ചോദിക്കില്ലേ? അപ്പോൾ ഇൽമുമായി (അറിവ്) ബന്ധപ്പെട്ട് നാം ജീവിക്കണം എന്ന് തോന്നിപ്പോയി. അതിന് ഖുലാസ കോഴ്സ് ഒരു വഴികാട്ടിയാകും, ആവണം. إن شاء الله..

എനിക്ക് എഴുതാൻ വലിയ ഇഷ്ടമാണ്. പാട്ട്, കഥ, മഹാന്മാരുടെ ചരിത്രങ്ങൾ തുടങ്ങിയ ചെറിയ ചെറിയ എഴുത്തുകളൊക്കെ ഞാൻ എഴുതിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവക്കുറിപ്പ് ഈ ഗ്രൂപ്പിലേക്ക് എഴുതുന്നത്. ഒരുപാട് പോരായ്മകൾ ഉണ്ടാകും, വായിക്കുന്നവരെല്ലാം ദയവായി ക്ഷമിക്കണം. പിന്നെ, മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഒരു സംഭവമാണ് മസ്അല ചോദിച്ചു പഠിക്കാനുള്ള ഉസ്താദിന്റെ ഗൂഗിൾ മീറ്റ്. എന്ത് സംശയവും ചോദിച്ച് മനസ്സിലാക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്. അതുപോലെതന്നെ യൂട്യൂബിൽ ജസീൽ ശാമിൽ ഇർഫാനി തങ്ങൾ എന്ന ഉസ്താദിന്റെ, ഖുലാസയെക്കുറിച്ചുള്ള പഠനവും ഉപദേശവുമുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു. അതും വളരെ ഉപകാരപ്രദമായി. ആ ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഞാൻ നന്നായി കേൾക്കാറുള്ളതാണ്. പിന്നീടാണ് അറിഞ്ഞത് നൗഫൽ ഉസ്താദിന്റെയും സ്വലാഹുദ്ദീൻ ഉസ്താദിന്റെയുമൊക്കെ ശരീക്കന്മാരാണെന്ന്; വലിയ സന്തോഷം തോന്നി.

ഇതിനേക്കാളൊക്കെ ഉപരി കോടമ്പുഴ ഉസ്താദിന്റെ ക്ലാസ്സും. ഇത്രയും വലിയ ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥം ഇത്രയും ലളിതമായി സ്ത്രീകളായ നമുക്ക് പഠിക്കാൻ വഴിയൊരുക്കിത്തന്ന ഖുലാസയുടെ രചയിതാവ് മഹാനായ കോടമ്പുഴ ബാവ ഉസ്താദിന്റെ കാഴ്ചപ്പാട് വളരെ വലുതാണ്. ഉസ്താദിന്റെ ചെറിയ ചെറിയ പുസ്തകങ്ങളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. ഉസ്താദിന്റെ ആഴത്തിലുള്ള കിതാബുകളുടെ മാസ്മരിക ലോകം മനസ്സിന് രോമാഞ്ചം നൽകും. ഇൽമ് പഠിക്കുന്നതിന്റെ മഹത്വം ഇതിൽനിന്നൊക്കെ നന്നായി മനസ്സിലായി.

എന്നെ സംബന്ധിച്ച് ഈ കോഴ്സിൽ ചേർന്നതിനുശേഷം ജീവിതത്തിന്റെ എല്ലാ മേഖലയിലും വലിയൊരു റാഹത്ത് (സമാധാനം) തോന്നുന്നുണ്ട്. കുറച്ചൊക്കെ പ്രയാസങ്ങളൊക്കെ ജീവിതത്തിൽ നമുക്ക് ഉണ്ടാകുമല്ലോ… പക്ഷേ, ഖുലാസ ദർസ് അതാത് സമയങ്ങളിൽ അഡ്മിന്മാർ പറയുന്നതുപോലെ എഴുതിയെടുത്ത്, ക്ലാസ്സ് കേട്ട് മുടങ്ങാതെ ചെയ്യാൻ വലിയ ഉത്സാഹമാണ്. ഒരു ക്ലാസ്സ് മുടങ്ങിയാൽ അത് അടുത്ത ക്ലാസ്സിനെ ബാധിക്കും. അത് മനസ്സിലാക്കി നാം ക്ലാസ്സുകൾ മുടങ്ങാതെ കേൾക്കാനും എഴുതാനും പ്രത്യേകം ശ്രദ്ധിച്ചാൽ ഈ കോഴ്സ് ഏറ്റവും ലളിതവും ഉപകാരപ്രദവുമാണ്. അറബി എനിക്ക് പഠിക്കാൻ പറ്റുമോ എന്നൊക്കെ ആദ്യം തോന്നിയിരുന്നു. പക്ഷേ, ഉസ്താദിന്റെ വാമൊഴിയിൽനിന്ന് അർത്ഥസഹിതം കേട്ടുകഴിഞ്ഞാൽ അതൊരു പ്രശ്നമായി തോന്നില്ല.

ഈ കാലഘട്ടത്തിൽ ഒരുപാട് സമയം സ്ത്രീകളായ നാം അനാവശ്യമായി ചെലവഴിക്കുന്നതിൽനിന്ന്, പ്രത്യേകിച്ച് ഫോണിന്റെ അമിത ഉപയോഗത്തിൽനിന്നുമൊരു മോചനമാകും ഇത്. സമയത്തിന്റെ വില മനസ്സിലാക്കി നാം പൂർണ്ണമനസ്സോടെ ഇതിൽ ചേർന്ന്, നോട്ടൊക്കെ എഴുതി സമയം മാറ്റിവെക്കുന്നതിൽ വലിയൊരു ബറക്കത്തുണ്ട്. പഠിക്കാനല്ലേ… ഇനിയും എഴുതണം.

ഇതിനെല്ലാം പുറമേ നാം ഒരു കാര്യം പഠിച്ച് പ്രവർത്തിക്കുന്നതും പഠിക്കാതെ ചെയ്യുന്നതും രണ്ടും രണ്ടാണ്. ദുനിയാവിൽ ജീവിക്കുമ്പോൾത്തന്നെ ആഖിറം (പരലോകം) നേടിയെടുക്കണം എന്നല്ലേ… അതിന് ഇൽമ് വേണം. ഇൽമാണ് എല്ലാത്തിന്റെയും അടിത്തറ. ഇൽമിന്റെ കുറവാണ് ഈ കാലഘട്ടത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതു മനസ്സിലാക്കി ഇതുപോലെയുള്ള ഖുലാസ ക്ലാസുകൾ നാം ഉപയോഗപ്പെടുത്തണം. ഇത്തരം ഉസ്താടുമാരുടെ സാന്നിധ്യമാണ് അതിന് കരുത്തേകുന്നത്.

സാങ്കൽപ്പിക ചിത്രം AI-generated

ഇൽമ് പഠിപ്പിക്കുന്ന ഏതൊരു സംരംഭവും നാം നന്നായി മനസ്സിലാക്കി വേണം തിരഞ്ഞെടുക്കാൻ. അതിനൊരു ഉദാഹരണമാണ് ഖുലാസ. തികച്ചും ഇസ്‌ലാമികമായ, വ്യത്യസ്തമായ കാഴ്ചപ്പാടിൽ, പരിപൂർണ്ണ ഹിജാബോടുകൂടിയും ഉറച്ച വിശ്വാസത്തോടുകൂടിയുമാണ് ഈ മീഡിയ ഈ കോഴ്സ് നടത്തുന്നത്. അതും ഈ കോഴ്സിന്റെ ഒരു പ്രത്യേകതയാണ്.

മറ്റുള്ള കുറെ പഠനാവസരങ്ങളിൽനിന്നൊക്കെ വേറിട്ടുനിൽക്കുന്നത് അത്ഭുതകരമാണ്. ഒരുപാട് കോഴ്സുകളും ഗ്രൂപ്പുകളും പഠനങ്ങളും ഇപ്പോൾ ലഭ്യമാണെങ്കിലും എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെയൊന്നിൽ ചേരുന്നത്; മറ്റൊന്നിലും ഇതുവരെ ചേർന്നിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ ഫത്ഹുൽ മുഈൻ പഠിക്കണമെന്ന് പണ്ടുമുതലേയുള്ള ആഗ്രഹമായിരുന്നു. ഇപ്പോഴാണ് സിം മീഡിയ മുഖേന അത് സഫലമായത്. الحمد لله.

സത്യം സത്യം പോലെ, ഹദീസ് മുഖാന്തരം താബിഉകളിൽനിന്നും തെളിവ് സഹിതം പഠിച്ചെടുക്കുന്നതാണ് യഥാർത്ഥ പഠനം. അതു മുഴുവൻ കോടമ്പുഴ ഉസ്താദിന്റെ ഈ ഖുലാസയിലൂടെ നമുക്ക് നേടിയെടുക്കാൻ കഴിയും.

ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ഉസ്താദുമാർക്കും അഡ്മിന്മാർക്കും നമുക്കേവർക്കും അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ, ആമീൻ..

റൈഹാനത്ത് അബ്‌ദുറഹ്‌മാൻ എളവള്ളി
(ഖുലാസ ദർസ് പന്ത്രണ്ടാം ബാച്ച് പഠിതാവ്)

Leave a Comment

Your email address will not be published. Required fields are marked *

7 thoughts on “കൊതിച്ച ഇൽമ്, ഒടുവിൽ വിരൽത്തുമ്പിൽ!”

  1. Mubashira Banu

    അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് ❤️
    നല്ല മെസ്സേജ്
    ദുആയിൽ ഉൾപെടുത്തണേ 🤲

  2. Nafeesa Mubashira

    الحمد الله ما شاء الله
    آمين آمين آمين يارب العالمين 🤲🤲

  3. മാഷാ അല്ലാഹ് 🥰🥰
    ഈ സഹോദരിക്ക് ഒരുപാട്പ ഇൽമുകൾ പഠിക്കാനും അത് ഉൾക്കൊണ്ട്‌ ജീവിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
    നാളെ പരലോകത്തു ഇത് ഉപകാരപ്രദമാകട്ടെ

  4. ഓരോ പഠിതാവും എഴുതുന്നത് അവരുടെ ഉള്ളിൽ തട്ടിയുള്ള വരികളാണെന്ന് വായിച്ചാൽ അറിയാം… ഞാനും ഇതിന് മുൻപ് നമ്മുടെ ക്ലാസിനെ കുറിച്ച് എഴുതിയിട്ടുണ്ട്… ഓരോ ക്ലാസ് കഴിയുമ്പോഴും കിട്ടുന്ന അറിവ് അൽഹംദുലില്ലാഹ്.. റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാകില്ല..എന്തൊക്കെ പൊട്ടത്തരങ്ങളാണ് ഇത്രയും വയസ്സ് വരെ കാട്ടി കൂട്ടിയതെന്ന് ഓരോ ക്ലാസ് കഴിയുമ്പോഴും ബോധ്യപ്പെട്ട് വരുന്നു.. എവിടെയും പോകാതെ തൻ്റെ വീടിൻ്റെ അകത്തളത്തിൽ ഇരുന്ന് ഇൽമ് നുകരുന്ന അനുഭൂതി.. അത് ജീവിതത്തിൽ പകർത്തുമ്പോഴുള്ള ആ നന്ദം.. അൽഹംദുലില്ലാഹ്.. ഞങ്ങൾക്ക് ക്ലാസ് എടുക്കുന്ന ഉസ്താദിൻ്റെ കാര്യം പറയാതെ വയ്യ… നമുക്ക് ഉൾക്കൊള്ളാൻ പറ്റുന്ന തരത്തിലാണ് ഓരോ ക്ലാസും പറഞ്ഞു തരുന്നത്.. ഇതിൽ ചേരുമ്പോൾ ഉള്ള ഒരു ആശങ്കയും ഇന്ന് എനിക്ക് ഇല്ല… ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ഉസ്താദിനും അഡ്മിൻമാർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ …

  5. ما شاء اللّه
    വളരെ നന്നായിട്ടുണ്ട്.. മനസ്സിൽ തട്ടി എഴുതിയതാണെന്നത് ഓരോ വരികളിലും വ്യക്തമാണ്. അത്രമേൽ താല്പര്യത്തോടെ നിങ്ങൾ എഴുതിയത് അല്ലാഹു സ്വീകരിക്കട്ടെ, ഇനിയും എഴുതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ 🤲

Scroll to Top