മദ്രസയിലെ ഏഴാം ക്ലാസ് പഠനത്തിനുശേഷം എനിക്ക് ദീൻ പഠിക്കാൻ ഒരു അവസരം ഉണ്ടായത് സ്കൂളിൽ പ്ലസ് ടു പഠനത്തിനുശേഷം അറബിക് കോളേജിൽ അഫ്‌ളലുൽ ഉലമ പഠിക്കാൻ ചേർന്നപ്പോഴാണ്. എന്നാൽ ചുരുങ്ങിയത് ഒരു വർഷം പോലും പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല അതിനുള്ളിൽ വിവാഹ ജീവിതത്തിലേക്ക് കടന്നു. അപ്പോഴും എൻറെ മനസ്സിൽ ദീൻ പഠിക്കണം എന്ന മോഹം ബാക്കിയായി.
“ഇനി ഒരു അവസരമൊന്നും കിട്ടില്ല ഭർത്താവും കുട്ടികളുമായി സാധാരണ ജീവിതവുമായി കഴിയേണ്ടി വരും എന്നായിരുന്നു മനസ്സിലെ ചിന്ത” അങ്ങനെയിരിക്കെ എൻറെ പ്രിയപ്പെട്ട കൂട്ടുകാരി ഖുലാസ എന്ന കോഴ്സിനെ പറ്റി എന്നോട് പറഞ്ഞു
“അവൾ പറഞ്ഞത് മസ്അലകൾ അറിഞ്ഞിരിക്കാലൊ നീ ചേരുന്നുണ്ടോ എന്ന്”
ഇപ്പോൾ എല്ലാം ഇൻറർനെറ്റ് യുഗമായതുകൊണ്ട് യൂട്യൂബിൽ പല ഉസ്താദുമാരുടെയും പ്രസംഗങ്ങൾ കേൾക്കുമായിരുന്നു അല്ലാഹു എനിക്ക് വീണ്ടും ദീൻ പഠിക്കാൻ അവസരം നൽകി എന്ന സന്തോഷത്തിൽ ഞാൻ ചേർന്നു
اَلْحَمْدُ لِـلّٰـه വീട്ടിലിരുന്ന് തന്നെ പഠിക്കാൻ അവസരം അതും ജോലികളെല്ലാം കഴിഞ്ഞ് വീട്ടുകാരുടെ കാര്യങ്ങളെല്ലാം കഴിഞ്ഞതിനു ശേഷം ഒരല്പം വിശ്രമിക്കാൻ കിട്ടിയിരുന്ന ഉച്ചസമയം ഞാൻ ഇതിനുവേണ്ടി ഉപകാരപ്പെടുത്തി. اَلْحَمْدُ لِـلّٰـه അങ്ങനെ ബുക്കും പേനയും വാങ്ങി വളരെ ഉത്സാഹത്തോടെ ഒന്നാമത്തെ ദർസിനായി കാത്തിരുന്നു.
ഒന്നാമത്തെ ദർസ് മതവിധികളെ കുറിച്ചായിരുന്നു ആകെ ഹറാം, ഹലാൽ ,സുന്നത്ത്, കറാഹത്ത്, ഈ വിധികളായിരുന്നു അറിയുമായിരുന്നത്. എന്നാൽ ഖിലാഫുൽ ഔല എന്ന ഒരു ഹുക്ക്മ് അങ്ങനെ ഒന്ന് അറിയില്ലായിരുന്നു.
ളുഹാ നിസ്കാരം സുന്നത്താണ് എന്ന് അറിയാം. എന്നാൽ അത് ഒഴിവാക്കുന്നത് ഖിലാഫുൽ ഔല ആണ് എന്ന് അന്ന് പഠിച്ചു.
പിന്നീടുള്ള ഓരോ ദർസും വുളുഅ്, തയമ്മും, നിസ്കാരം, ത്വഹൂർ ആയ വെള്ളം, നജസുകൾ, നജസായ സ്ഥലം എങ്ങനെ ശുദ്ധിയാക്കാം അങ്ങനെ തുടങ്ങി നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ചെയ്യേണ്ട ഓരോ കാര്യങ്ങളിലെ ഫർളുകളും സുന്നത്തുകളും കറാഹത്തുക്കളും ഒക്കെയായി പല കാര്യങ്ങളും പഠിച്ചു.
വുളുഇലും നിസ്കാരത്തിലും തുടങ്ങി നമ്മുടെ ഇബാദത്തിലെ പോരായ്മകളെല്ലാം നീക്കി മിക്കവാറും എല്ലാ സുന്നത്തുകളും നോക്കി ഇബാദത്ത് ചെയ്യാൻ തുടങ്ങി.
വുളുഇനുമുമ്പ് മിസ്വാക്ക് ചെയ്യൽ സുന്നത്താണെന്ന് അറിയാമായിരുന്നു എന്നാൽ ഖുലാസ പഠനത്തിനുശേഷം അത് ചെയ്യാൻ തുടങ്ങി.
നോമ്പ് ഖളാ ആകുന്നത് പിടിച്ചു വീട്ടണമെന്ന് അറിയാമായിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ പിടിച്ചു വീട്ടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു നോമ്പിന് ഒരു മുദ്ദ് കൊടുക്കണമെന്നും അത് രണ്ട് വർഷമായിട്ടും പിടിച്ച് വീട്ടിയില്ലെങ്കിൽ ഒരു നോമ്പിന് രണ്ട് മുദ്ദ് കൊടുക്കണമെന്നും അങ്ങനെ ഓരോ വർഷം കൂടുന്തോറും മുദ്ദും കൂടുമെന്നുമൊക്കെയുള്ള കാര്യങ്ങൾ ഖുലാസയിൽ നിന്നാണ് ഞാൻ പഠിച്ചത്.
ചിത്രങ്ങളുള്ള മുസല്ലയിൽ നിസ്കരിക്കുന്നത് കറാഹത്താണ് എന്ന് മുൻപ് കേട്ടിട്ടുണ്ടായിരുന്നു. ഖുലാസയിലും അത് പഠിച്ചു. അതിനുശേഷം മുസല്ലയിൽ ഒരു വെളുത്ത തുണി വിരിച്ച് നിസ്കരിച്ചു തുടങ്ങി.
അങ്ങനെ പണ്ട് അറിയാമായിരുന്ന പലകാര്യങ്ങളും ജീവിതത്തിൽ ചെയ്തു തുടങ്ങിയത് ഖുലാസ പഠനം തുടങ്ങിയത് മുതലാണ്.
ആർത്തവകാരിയായിരിക്കെ ചെയ്യാൻ പാടില്ല എന്ന് കരുതിയിരുന്ന പല മണ്ടത്തരങ്ങളും തിരുത്തപ്പെട്ടു.
പിന്നെ സക്കാത്ത്, നോമ്പ്, അനന്തര സ്വത്ത് വിഹിതം വയ്ക്കൽ, അതിന്റെ അവകാശികൾ, മയ്യത്ത് പരിപാലനം, സ്ത്രീകളുടെ ഇദ്ദ അങ്ങനെ ഒരുപാട് കാര്യങ്ങളിൽ അറിവ് നേടാൻ കഴിഞ്ഞു. പിന്നെ ഇദ്ദയുടെ കാര്യത്തിൽ ഭർത്താവ് മരണപ്പെട്ടാൽ മാത്രമാണ് സ്ത്രീയ്ക്ക് ഇദ്ദ ഉള്ളൂ എന്നാണ് അറിയുമായിരുന്നുള്ളൂ എന്നാൽ മൂന്ന് കാരണങ്ങൾ കൊണ്ട് സ്ത്രീക്ക് ഇദ്ദ നിർബന്ധം ആകുമെന്നും പഠിച്ചത് ഖുലാസയിൽ നിന്നാണ്. അങ്ങനെ എനിക്ക് അറിവില്ലാത്ത നിരവധി കാര്യങ്ങളും അറിയുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായും പഠിക്കാൻ കഴിഞ്ഞു.
ഒരു മനുഷ്യൻ ജീവിതാവസാനം വരെ ദിനേന ചെയ്യുന്ന കർമ്മങ്ങളെ കുറിച്ചാണ് നമ്മുടെ ഖുലാസയിൽ പ്രതിപാദിക്കുന്നത്.
കിത്താബിലെ ഓരോ വാക്കും അതിന് അർത്ഥവും പറഞ്ഞ് വ്യക്തമായിട്ടാണ് നൗഫൽ ഇർഫാനി ഉസ്താദ് ക്ലാസ്സ് എടുത്തു തന്നിരിക്കുന്നത്. കൂടാതെ നമുക്ക് ഉണ്ടാകുന്ന എന്ത് മണ്ടത്തരമായ സംശയങ്ങൾ ആണെങ്കിലും ഉസ്താദിനോട് നേരിട്ട് ചോദിക്കാനുള്ള ഗൂഗിൾ മീറ്റ് എന്ന ഒരു അവസരവും കൂടി നമുക്കുണ്ട്. പിന്നെ നമ്മുടെ സംശയത്തിന് പെട്ടെന്ന് തന്നെ മറുപടി കിട്ടണമെങ്കിൽ ആഴ്ചയിലെ ഗൂഗിൾ മീറ്റ് വരുന്നതിനു മുമ്പ് തന്നെ ഇതിനായിട്ടുള്ള ഗ്രൂപ്പുകളിൽ ചോദിച്ചാൽ അഡ്മിന്മാർ മുഖേന ഉസ്താദിൽ നിന്നും മറുപടികൾ ലഭിക്കുകയും ചെയ്യും.
അറബി പരിജ്ഞാനം ഉള്ള ദീനി ശരിഅത് പഠിപ്പിക്കുന്ന വനിതകളായ ആളുകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സിം മീഡിയ ഇങ്ങനെ ഒരു അവസരം നമുക്ക് സമ്മാനിച്ചത്. ഈ അവസരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ എനിക്ക് ഉപയോഗപ്പെടുത്താൻ സാധിച്ചു ما شاء الله اَلْحَمْدُ لِـلّٰـه الف مرة
ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ അല്ലാഹു സ്വലാഹുദ്ധീൻ ഉസ്താദിനെ മനസ്സിൽ തോന്നിപ്പിച്ചു കൊടുത്തതുകൊണ്ട് ഒരുപാട് വീട്ടമ്മമാരായ സ്ത്രീകൾക്ക് പ്രയോജനപ്പെട്ടു. അങ്ങനെ രണ്ടു വര്ഷം കൊണ്ട് ഖുലാസ ഫസ്റ്റ് ബാച്ചും സെക്കൻഡ് ബാച്ചും കോഴ്സ് പൂർത്തീകരണം കഴിഞ്ഞു. ഇപ്പോൾ വിജയകരമായി പത്താം ബാച്ച് വരെ എത്തിനിൽക്കുകയാണ് اَلْحَمْدُ لِـلّٰـه
ഖുലാസയിൽ നിന്നും രണ്ടുവർഷം പൂർത്തിയാക്കി പിരിഞ്ഞു പോരുന്നതിൽ ഒരുപാട് വിഷമിച്ചിരുന്ന എനിക്ക് അഡ്മിൻ എന്ന സ്ഥാനം അല്ലാഹു നൽകി اَلْحَمْدُ لِـلّٰـه
അഡ്മിൻ ആയപ്പോഴാണ് മനസ്സിലായത് ഖുലാസ നമ്മളിലേക്ക് എത്തിക്കാനും അത് വിജയകരമായി ഓരോ ബാച്ചും കൊണ്ടുപോകാനും ഉസ്താദ് എത്രയധികം കഷ്ടപ്പെടുന്നുണ്ടെന്ന്. ആ കഷ്ടപ്പാടിന് അല്ലാഹു അർഹമായ പ്രതിഫലം ദുനിയാവിലും അതിലുപരി ആഖിറത്തിലും നൽകി അനുഗ്രഹിക്കട്ടെ آمِينْ آمِينْ آمِينْ يَا رَبَّ الْعَالَمِين
അതുപോലെ ഈ ഖുലാസ എന്നിലേക്ക് എത്താൻ നിമിത്തമായ എൻറെ പ്രിയപ്പെട്ട കൂട്ടുകാരിക്കും അല്ലാഹു പ്രതിഫലം നൽകട്ടെ آمِينْ يَا رَبَّ الْعَالَمِين
ഇൽമ് പഠിക്കണമെന്ന് ആഗ്രഹമുള്ള ഒരാളുപോലും ഈ നല്ല അവസരം നഷ്ടപ്പെടുത്തരുത് എന്നാണ് എൻറെ ഈ അനുഭവം വായിക്കുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത്. ഖുലാസ പഠനം എനിക്ക് നൽകിയ ജീവിത അനുഭവങ്ങളാണ് ഞാൻ ഇവിടെ പങ്കുവെച്ചത്.. അല്ലാഹു നാഫിആയ ഇൽമ് പ്രധാനം ചെയ്യട്ടെ ആമീൻ..
സബീന സഹീർ പല്ലാരിമംഗലം
ഖുലാസ ദർസ് കോഴ്സ് പൂർത്തിയാക്കിയ
ഒന്നാം ബാച്ച് പഠിതാവ് (2023, ജനു: - 2024, ഡിസം:)


