ഇസ്‌ലാമിലെ ശുദ്ധീകരണം ലേഖനം – 3

ഹന്ന സാലിം കരുപടന്ന (KD 260 BATCH 7)
(ഖുലാസ ദർസ് കോഴ്സിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ മൂന്നാം സ്ഥാനത്തിന് അർഹമായ ലേഖനം )

വൃത്തിക്ക് അതീവ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. ഇസ്‌ലാമിക കർമ്മശാസ്ത്രം തന്നെ ആരംഭിക്കുന്നത് ശുദ്ധീകരണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടാണ്. ദീനിലെ നിർബന്ധമായ എല്ലാ അനുഷ്ഠാനങ്ങളുടെയും അടിസ്ഥാന ലക്ഷ്യം ശാരീരികവും മാനസികവുമായ ശുദ്ധീകരണമാണ്. ഒരു മുസ്‌ലിമിന്റെ ആരാധനാ കർമങ്ങളുടെ മുന്നോടിയായി ശാരീരിക ശുചിത്വം കൈവരിക്കൽ അനിവാര്യമാണ്. അതുപോലെ തന്നെ സ്ഥലവും വസ്ത്രവും. ശുദ്ധീകരണത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ട് നബി ﷺ “ ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ് ” (മുസ്‌ലിം 223) എന്ന് പറഞ്ഞിട്ടുണ്ട്.

“ എന്റെ സമുദായത്തിന് പ്രയാസമാകുമെന്ന് ഞാൻ ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ അവരോട് എല്ലാ നിസ്കാര സമയത്തും ദന്ത ശുദ്ധീകരണം നടത്താൻ നിർബന്ധപൂർവ്വം കൽപ്പിക്കുമായിരുന്നു ” എന്ന് മറ്റൊരു ഹദീസിൽ കാണാം. അല്ലാഹു പറയുന്നു : “ നിശ്ചയം അല്ലാഹു തൗബ ചെയ്യുന്നവരെയും ശുദ്ധിയുള്ളവരെയും ഇഷ്ടപ്പെടുന്നു ” (അൽ-ബഖറ 222).

ത്വഹാറത്

ത്വഹാറത് എന്നതിന്റെ ഭാഷാർത്ഥം വൃത്തി എന്നാണ്. പുരുഷന്റെ ലിംഗാഗ്രചർമം മുറിക്കുക, നഖം വെട്ടൽ, മുടി ചീകൽ, ദന്തശുദ്ധീകരണം, ഗുഹ്യ രോമം നീക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ, ഫിഖ്ഹിൽ ത്വഹാറത് കൊണ്ട് ഉദ്ദേശിക്കുന്നത്, അശുദ്ധിയിൽ നിന്നും നജസിൽ നിന്നും ശുദ്ധിയാവലാണ്. ഇതിൽ നിന്നും ദീനിലെ ശുദ്ധീകരണം രണ്ട് തരത്തിൽ ആണെന്ന് മനസ്സിലാക്കാം.

ഒന്ന് : അശുദ്ധിയിൽ നിന്ന് ശുദ്ധിയാവൽ
നിസ്കാരത്തിൽ നിന്ന് ഒരാളെ തടഞ്ഞു നിർത്തുന്ന അവസ്ഥയാണ് അശുദ്ധി. ഉദാ: മലമൂത്ര വിസർജനം, ലൈംഗിക ബന്ധം. ഇവയിൽ നിന്നും ശുദ്ധിയാവാൻ വുളൂ എടുക്കുകയോ കുളിക്കുകയോ തയമ്മും ചെയ്യുകയോ വേണം.

രണ്ട് : മാലിന്യങ്ങളിൽ നിന്ന് ശുദ്ധിയാവാൻ
നിസ്കാരത്തിൽ നിന്ന് ഒരാളെ തടയുന്ന വസ്തുവാണ് മാലിന്യം. ഉദാ: രക്തം, മൂത്രം. അത് ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ ഉണ്ടെങ്കിൽ, കഴുകി വൃത്തിയാക്കൽ കൊണ്ടോ, തുടച്ചുനീക്കൽ കൊണ്ടോ, വെള്ളം തളിക്കൽ കൊണ്ടോ ശുദ്ധിയാക്കണം.

വുളൂ

അല്ലാഹു പറയുന്നു : “ ഓ സത്യവിശ്വാസികളേ, നിങ്ങൾ നിസ്കാരത്തിലേക്ക് വന്നാൽ, നിങ്ങളുടെ മുഖവും രണ്ട് കൈമുട്ട് വരെയും കാല് ഞരിയാണി വരെയും കഴുകുകയും തല തടവുകയും ചെയ്യുക ” (അൽ- മാഇദ 6). നബി ﷺ പറയുന്നു: “ വുളൂഅ് ചെയ്തിട്ടല്ലാതെ ചെറിയ അശുദ്ധികാരന്റെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല ”(ബുഖാരി 135, മുസ്ലിം 225).

വുളുഇന്റെ ശർത്തുകൾ 5 ആണ് :
• മുത്‌ലഖായ ആയ വെള്ളം.
• കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒഴുക്കൽ.
• വെള്ളത്തിനെ പകർച്ച ആക്കുന്ന ഒന്നും അവയവത്തിൽ ഇല്ലാതിരിക്കൽ. ഉദാ: സോപ്പ്, കുങ്കുമം.
• വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും അവയവത്തിൽ ഇല്ലാതിരിക്കൽ. ഉദാ: പെയിന്റ്, മഷി.
• നിത്യ അശുദ്ധിക്കാർ സമയമായെന്നറിയൽ.

നിത്യ അശുദ്ധിക്കാർ
നിത്യ അശുദ്ധി ഒരു രോഗമാണ്. അവർ വുളൂ ചെയ്താൽ പോലും അശുദ്ധി ഉയരുകയില്ല. ആയതിനാൽ, നിസ്കാരത്തിനു വേണ്ടി വുളൂ ചെയ്യുമ്പോൾ പോലും അശുദ്ധിയെ ഉയർത്താൻ വേണ്ടി എന്ന നിയ്യത്ത് പറ്റില്ല. നിത്യ അശുദ്ധിക്കാർ നിസ്കാരത്തിന് തയ്യാറെടുക്കുമ്പോൾ (1)ഗുഹ്യഭാഗം കഴുകലും (2)അതിന്റെ വായഭാഗത്ത് പുതിയ പഞ്ഞി വെക്കലും (3)അവിടുത്തെ കെട്ട് പുതുക്കലും (4)നിസ്കാരം പെട്ടെന്ന് ആക്കലും നിർബന്ധമാണ്. സമയം വെക്കപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾക്കും ഫർള് നിസ്കാരങ്ങൾക്കും സമയം പ്രവേശിച്ച ശേഷമാണ് അവർ വുളൂ എടുക്കേണ്ടത്. അവർക്ക് ഒരു വുളൂ കൊണ്ട് ഒന്നിലധികം ഫർള് ഒരിക്കൽ അനുവദനീയമല്ല. സുന്നത്ത് എത്ര വേണമെങ്കിലും ആവാം. ഖത്തീബ് ആണെങ്കിൽ ജുമുഅക്ക് വേണ്ടി രണ്ടു വുളൂ എടുക്കണം. രണ്ടു ഖുതുബക്ക് വേണ്ടി ഒന്നും ശേഷം നിസ്കാരത്തിനു വേണ്ടി ഒന്നും.

ജമാഅത്ത്, ജുമുഅ പ്രതീക്ഷിക്കുക, ബാങ്ക് ഇഖാമത്ത് നിർവഹിക്കുക, ഔറത്ത് മറക്കുക, ഖിബില കണ്ടെത്തുക, പള്ളിയിൽ പോകുക തുടങ്ങിയ നിസ്കാരത്തിന്റെ ഗുണങ്ങൾക്ക് വേണ്ടി സമയം അല്പം വൈകുന്നതിൽ കുഴപ്പമില്ല.

Share your love

3 Comments

  1. എഴുത്തുകൾ ഒന്നിനൊന്ന് മെച്ചം കൂടുതൽ പഠിക്കുകയും നിരന്തരം എഴുതുകയും ചെയ്യണം

    • ആമീൻ. അൽഹംദുലില്ലാഹ്. ഉസ്താദിന്റെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *