“ഫാത്തിമ… എന്തേ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു? പരീക്ഷയൊക്കെ കഴിഞ്ഞില്ലേ.. ” മ്ലാനവദനയായി എവിടേക്കെന്നില്ലാതെ നോക്കിയിരിക്കുന്ന തന്റെ പത്താം ക്ലാസുകാരിയായ കുഞ്ഞനിയത്തിയോട് ആയിഷ ചോദിച്ചു. ഏതോ ദിവാസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന അവൾ മറുപടി നൽകി, “ഇത്താത്ത… അത്… പരീക്ഷ യൊന്നുമല്ല വിഷയം.”
“പിന്നെന്താ മോളെ.. വല്ലാത്ത മനപ്രയാസം ഉണ്ടല്ലോ മുഖത്ത്.” ആയിഷ അവളോട് ചേർന്നിരുന്നു ചോദിച്ചു.
കുറച്ചുനാളുകളായി ആരോടും ചോദിക്കാനോ പറയാനോ കഴിയാത്ത തന്റെ മനസാങ്കോചങ്ങൾ അവൾ പങ്കുവെക്കാൻ ഒരുങ്ങി. ” അത്.. ഇത്താത്ത ആരോടും പറയരുത്. എനിക്ക് ഈയിടെയായി വുളു മുറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു രോഗമുണ്ട്. ഇബാദത്തിലൊന്നും ഒരു സംതൃപ്തി കിട്ടുന്നില്ല. “
” എന്ത് രോഗമാണ് എന്റെ കുട്ടിക്ക്. നീ ഒന്ന് തെളിച്ചു പറയെന്റെ ഫാത്തിമ.. “ഫാത്തിമ ഒന്ന് ചിണുങ്ങി.” ഒരു ദ്രാവകം പുറപ്പെട്ടു കൊണ്ടിരിക്കുന്നു. മനിയല്ലാത്ത എന്ത് പുറപ്പെട്ടാലും വുളുമുറിയും എന്നാണല്ലോ. ഇത് കാരണം പല നിസ്കാരങ്ങളും വീണ്ടും വീണ്ടും മടക്കേണ്ടി വരുന്നു. “
” പൊന്നുമോളെ.. നമ്മെ ബുദ്ധിമുട്ടാക്കുന്ന ഒരു മസ്അലയും പരിശുദ്ധ ദീനിലില്ല. മുത്ത് നബിയെ അള്ളാഹു നിയോഗിച്ചത് തന്നെ എളുപ്പം ചെയ്യുന്നവരായിട്ടാണ്. ഈ വിഷയത്തിലെ അറിവില്ലായ്മയാണ് നിന്നെ അസ്വസ്ഥമാക്കിയത്.
മിക്ക സ്ത്രീകൾക്കും സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം എന്നത്(Leukorrhea). ഏതായാലും അതിന്റെ രൂപവും സ്വഭാവവും നമുക്കൊന്ന് ചർച്ച ചെയ്യാം. നിന്നെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ ചോദിക്കൂ
ഫാത്തിമയുടെ മനസ്സിനെ അലട്ടുന്ന ചോദ്യങ്ങൾ കെട്ടഴിയാൻ തുടങ്ങി.
മനിയ്യ് അല്ലാത്ത എന്തു പുറപ്പെട്ടാലും വുളു മുറിയും എന്നല്ലേ?
അതെ, ഗുഹ്യ ഭാഗത് നിന്ന് മനിയ്യ് അല്ലാത്ത എന്ത് പുറപ്പെട്ടാലും മുറിയും. അത് തടിയോ, കാറ്റൊ, ഉണങ്ങിയതോ, നനഞ്ഞതോ, സാധാരണ വരുന്നതോ, അപൂർവമായി വരുന്നതോ ആണെങ്കിലും ശരി

എന്നാൽ ചില സ്ത്രീകൾക്ക് വെള്ളം പോലെ നേർത്ത ഒരു ദ്രാവകം പുറപ്പെടാം. അത് ശുദ്ധിയുള്ളതാണ്. അതുകൊണ്ട് മുറിയുകയില്ല.
” അതെന്താ ഇത്താത്ത.. അതിപ്പോൾ പറഞ്ഞ മസ്അലക്ക് എതിരല്ലേ?
ഒരിക്കലുമില്ല. ഇപ്പോൾ പറഞ്ഞത് ഗുഹ്യ ഭാഗത്തിന്റെ ഉൾ ഭാഗത്തുനിന്ന് പുറപ്പെടുന്നതിനെ കുറിച്ചാണ്.
നേർത്ത ദ്രാവകം സ്ത്രീ അവളുടെ കാൽപാദത്തിനു മേലിരുന്നാൽ വെളിവാകുന്ന ഭാഗത്തുനിന്നും പുറപ്പെടുന്നതാണ്.
ഉൾഭാഗത്തുനിന്നും പുറപ്പെടുന്നതിനെ എങ്ങനെ തിരിച്ചറിയും?
മേൽപ്പറഞ്ഞതിനേക്കാൾ വഴുവഴുത്തതും വാസനയുള്ളതുമാണത്. ഇതും നജസല്ല. എന്നാൽ ഇത് പുറപ്പെടൽ കൊണ്ടു വുളു മുറിയും.
അപ്പോൾ കട്ടി കൂടിയ രീതിയിൽ പുറപ്പെടുന്നത് നജസ് ആണോ?
അതെ, അത് ദുർഗന്ധം ഉള്ളതും യോനിയുടെ ഉൾഭാഗത്തിന് അപ്പുറത്തുനിന്നും പുറപ്പെടുന്നതും നജസും ആണ്. ഇതുകൊണ്ടും വുളു മുറിയും.
ഇപ്രകാരം വഴുവഴുത്തും കട്ടികൂടിയും പുറപ്പെട്ടുകൊണ്ടിരിക്കുന്നവർ എങ്ങനെ നിസ്കരിക്കും?
തുടർച്ചയായി ഒരു നിസ്കാരത്തിന് ഇടവേള കിട്ടാത്ത രീതിയിൽ വുളു മുറിഞ്ഞു കൊണ്ടിരിക്കുന്നവർ നിത്യ അശുദ്ധിക്കാരാണ്. നിസ്കാരത്തിന്റെ സമയമായതിനു ശേഷം ആ ഭാഗം കഴുകി പഞ്ഞി പോലത്തതു വെച്ച് കെട്ടി വുളു ചെയ്ത് നിസ്കരിക്കണം.

ചുരുക്കി പറഞ്ഞാൽ…
യോനി മുഖത്തുള്ള സ്രവങ്ങളെ മൂന്ന് വിഭാഗമായി വിഭജിക്കുന്നു.
1.യോനീ ഭാഗത്തുള്ള നനവ് വിസർജ്ജന സമയത്ത് കഴുകൽ നിർബന്ധമായ ഭാഗത്തുനിന്ന് പുറപ്പെട്ടതാണെങ്കിൽ ശുദ്ധിയുള്ളതാണ്. അത് കാരണം വുളൂഅ് മുറിയില്ല.
2.യോനിയുടെ ഉൾഭാഗത്തുനിന്ന് പുറപ്പെട്ടത് (ലൈംഗികബന്ധ സമയത്ത് പുരുഷ ലിംഗം എത്തുന്ന സ്ഥലം) പ്രബല അഭിപ്രായ പ്രകാരം ശുദ്ധിയുള്ളതാണ്. എന്നാല്‍ ഇത് കൊണ്ട് വുളൂഅ് മുറിയും.
3.യോനിയുടെ ഉൾഭാഗത്തിനും അപ്പുറത്തുനിന്ന് (ലൈംഗികബന്ധ സമയത്ത് ലിംഗം എത്തുന്നതിനും അപ്പുറത്ത്) പുറപ്പെട്ടത് നജസാണ്. ഇത് കൊണ്ടും വുളൂഅ് മുറിയും.
ഇത് തിരിച്ചറിയാനുള്ള മാർഗ്ഗം
നിറത്തിലും കട്ടിയിലും മണത്തിലും മാറ്റം ഉണ്ടാകും. ഉള്ളില്‍ നിന്ന് വരുന്നത് കട്ടി കൂടിയതും ദുർഗന്ധമുള്ളതുമായിരിക്കും.
(അവലംബം: ഖുലാസതുൽ ഫിഖ്ഹ്,പേജ് 27,51)
ഇത്താത്ത…ഇത്ര കൃത്യമായി നിങ്ങൾക്കിത് എങ്ങനെ അറിയാം?!!
ഇതെല്ലാം കോടമ്പുഴ ബാവ ഉസ്താദിന്റെ ഖുലാസയിൽ ഉണ്ട്.
വീട്ടുജോലികൾക്കിടയിലും നിങ്ങൾക്ക് എങ്ങനെ കിത്താബ് ഓതി പഠിക്കാൻ കഴിയുന്നു?
ആഴ്ചയിൽ ഓരോ വിഡിയോ നമുക്ക് ലഭിക്കും. അത് 14 ദിവസം കൊണ്ട് പഠിച്ചു എഴുതി എഴുതിയെടുത്താൽ മതി. ഓരോ ദിവസവും ഒരു നിശ്ചിത സമയം അതിനു മാറ്റിവെച്ചാൽ എളുപ്പമാണ്. അൽഹംദുലില്ലാഹ്..2 വർഷം കൊണ്ട് എനിക്കീ കിതാബ് പൂർണമായും കോടമ്പുഴ നൗഫൽ ഇർഫാനി ഉസ്താദിൽ നിന്നും ആധികാരികമായി പഠിക്കാൻ സാധിച്ചു.
വെറും ക്ലാസ് കൊണ്ട് നിർത്തുന്നില്ല. ക്ലാസുകൾ ഇഴകീറി മുറിച്ചുള്ള സംശയങ്ങൾക്കും ചർച്ച ഗ്രൂപ്പുകൾ ഉണ്ട്. ഉസ്താദിന്റെ സാന്നിധ്യത്തിൽ ഗൂഗിൾ മീറ്റുകളും നടക്കും. ഏത് സംശയവും തുറന്നു ചോദിക്കാനും സംസാരിക്കാനുമുള്ള ധൈര്യം ഈ കോഴ്സിൽ നിന്നാണ് എനിക്ക് കിട്ടിയത്. അത് ഉസ്താദ് പഠിതാക്കൾക്ക് നൽകുന്ന പ്രോത്സാഹനവും പിന്തുണയും കൊണ്ട് തന്നെയാണ്. എത്ര നിസ്സാര ചോദ്യവും ചോദിക്കാം.
വീട്ടുജോലികൾക്കിടയിലും എനിക്ക് പഠിക്കാൻ സാധിച്ചെങ്കിൽ വിദ്യാർത്ഥിനിയായ നിനക്ക് തീർച്ചയായും സാധിക്കും. നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ധാരാളം കാര്യങ്ങൾക്ക് സമാധാനം കിട്ടും തീർച്ച..
ഇൻഷാ അള്ളാഹ്… ഈ കോഴ്സിൽ ഞാനും ചേരുന്നുണ്ട്.
നദാ ഫാത്തിമ കോഴിക്കോട് (ഖുലാസ ദർസ് കോഴ്സ് പൂർത്തിയാക്കിയ ഒന്നാം ബാച്ച് പഠിതാവ്.)