ഇന്ന് 2025 മാർച്ച് 23 ഞായറാഴ്ച; കോടമ്പുഴ ബാവ ഉസ്താദ് രചിച്ച ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി എന്ന ഗ്രന്ഥം സിം മീഡിയ ഒരുക്കിയ കോഴ്സിലൂടെ രണ്ട് വര്‍ഷം കൊണ്ട് ദർസീ രൂപത്തില്‍ ഉസ്താദ് നൗഫൽ ശാമിൽ ഇർഫാനി, കോടമ്പുഴയുടെ കീഴില്‍ ഓതി പൂര്‍ത്തിയാക്കിയ 18 വനിതകള്‍ക്കുള്ള അനുമോദനവും ദുആ സംഗമവും ഓൺലൈൻ ആയി നടന്നു.അൽഹംദുലില്ലാഹ്.. ആ 18 പേരില്‍ ഒരാളാണ് ഞാന്‍. 😊
ഇനി നമുക്ക് ഒരു രണ്ടു വര്‍ഷം പിറകോട്ടു പോകാം. 8/1/2023 ഞങ്ങള്‍ക്ക് ആദ്യമായി ദർസ് ഒന്നിന്റെ ക്ലാസ് ഞങ്ങളുടെ ഇമെയിലിലേക്ക് കിട്ടിയ ദിവസം. വളരെ സന്തോഷവും ആവേശവും നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു. കാരണം അത്രയേറെ ആഗ്രഹിച്ച് കാത്തിരുന്ന ഒരു കാര്യത്തിലേക്ക് അല്ലാഹു കൊണ്ടെത്തിച്ച സന്തോഷം. അൽഹംദുലില്ലാഹ് കോവിഡ് കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് കിട്ടിയ ഒരു ഗുണമാണ് ഓൺലൈൻ പഠനങ്ങൾ. സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ ആയി കിതാബ് ഓതി പഠിക്കാം എന്നുള്ളത് സന്തോഷമാണ്. അങ്ങനെ ഞാനും ചേര്‍ന്നു ഒരു കോഴ്സിൽ 2020 ജൂണിൽ ആയിരുന്നു അത്. അതിൽ നമ്മുടെ ഖുലാസ അല്പം മാത്രം ഓതി. അന്ന് തുടങ്ങിയതാണ് അതിനോടുള്ള പ്രിയം. പിന്നെ അത് മുഴുവന്‍ ആയി എങ്ങനെ ആരില്‍ നിന്നും ഓതാൻ കഴിയും എന്നുള്ള അന്വേഷണത്തിലായി. 3 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് നൗഫൽ ഉസ്താദിന്റെ ഖുലാസ ദർസിനെ സംബന്ധിച്ചുള്ള ഒരു പോസ്റ്റർ കണ്ടു. പിന്നെ മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല. വേഗം അഡ്മിഷൻ എടുത്തു. അവിടുന്ന് തുടങ്ങി ഞങ്ങളുടെ ഖുലാസ ദർസിനോടൊപ്പമുള്ള യാത്ര. ഓരോ ദർസ് വരുന്നതും കാത്തിരിക്കുമായായിരുന്നു. നൗഫൽ ഉസ്താദിന്റെ ക്ലാസ് അത്രക്കും നല്ല ക്ലാസ് ആയിരുന്നു. യൂട്യൂബ് വഴിയാണ് ക്ലാസ്. അതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ വീട്ടില്‍ ഇരുന്ന് കിതാബ് മുന്നില്‍ തുറന്ന് വെച്ച് ഉസ്താദിന്റെ നാവില്‍ നിന്നും പറഞ്ഞ് തരുന്ന അറിവുകൾ, ദർസിൽ മുതഅല്ലിമീങ്ങൾ എങ്ങനെയാണോ പഠിക്കുന്നത് അപ്രകാരം നല്ല റാഹത്തിൽ ഓതി പഠിക്കാൻ കഴിഞ്ഞു. ക്ലാസ് കേള്‍ക്കുന്ന മാത്രയില്‍ വരുന്ന സംശയങ്ങള്‍ ഉടനെ ഞങ്ങൾക്ക് അതിനായി ക്രീയേറ്റ് ചെയ്യപ്പെട്ട ഡിസ്കഷൻ ഗ്രൂപ്പിൽ ചോദിക്കും. ഉസ്താദ് കൃത്യമായി എല്ലാത്തിനും മറുപടി പറഞ്ഞു തരും. കൃത്യവും സരളവും ആയ പഠനം.
സ്വലാഹുദീൻ ശാമിൽ ഇർഫാനി മാടവന ഉസ്താദാണ് ദർസിന്റെ ടെക്നിക്കൽ കാര്യങ്ങൾ നിർവഹിച്ചത്. ആലപ്പുഴ വർക്ക് ചെയ്യുന്ന സ്വലാഹുദീൻ ഉസ്താദും കോഴിക്കോട് വർക്ക് ചെയ്യുന്ന നൗഫൽ ഉസ്താദും ഓരോ ക്ലാസും ഞങ്ങളിലേക്ക് എത്തിക്കാന്‍ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. അല്ലാഹു ഇൽമിന് വേണ്ടിയുള്ള ഈ പരിശ്രമങ്ങളെല്ലാം ഖബൂൽ ചെയ്യുമാറാകട്ടെ. ആമീൻ.
ഞങ്ങളുടെ ദർസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി തോന്നിയത് വുളു, മയ്യിത്ത് കുളിപ്പിക്കൽ, കഫൻ ചെയ്യൽ, തയമ്മും, നിസ്ക്കാരം എന്ന് തുടങ്ങിയ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പഠിക്കേണ്ടുന്ന പാഠഭാഗങ്ങൾ എല്ലാം വിശദമായി വീഡിയോ വഴി കണ്ടു മനസ്സിലാക്കി പഠിക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ്. കണ്ടും കേട്ടും പഠിക്കുമ്പോഴാണല്ലോ എല്ലാ കാര്യങ്ങളും വ്യക്തമായും മനസ്സിൽ ഉറപ്പിച്ചു കൊണ്ടും പഠിക്കാൻ സാധിക്കുക.
അങ്ങനെ കൃത്യം രണ്ടു വർഷം കൊണ്ട് ദർസ് ഒന്നു മുതൽ ദർസ് 96 വരെയുള്ള ക്ലാസുകൾ അറ്റന്റ് ചെയ്യാൻ സാധിച്ച ഞങ്ങൾ ഓരോരുത്തരും വളരെ ഭാഗ്യം ചെയ്തവരാണ്.
കിതാബിലെ ഓരോ വാക്കുകളും എടുത്തു പറഞ്ഞ് അർത്ഥം പറഞ്ഞു വിശദമായി പഠിപ്പിക്കുന്നതിലൂടെ കുറച്ചു ദർസുകൾ കഴിഞ്ഞപ്പോൾ തന്നെ അറബി ചെറിയതോതിലെങ്കിലും മനസ്സിലാക്കാൻ സാധാരണക്കാരിയായ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
കിത്താബിലുള്ള വിഷയങ്ങൾ കൂടാതെ നമുക്ക് സംശയമുള്ള എന്ത് മസ്അലയും ചോദിച്ചാലും ഉസ്താദ് നമുക്ക് പറഞ്ഞ് തരികയും ചെയ്യും.
ഇവയെല്ലാം കൂടാതെ പഠിതാക്കൾ പരസ്പരം പഠിക്കാൻ വേണ്ടി ഗ്രൂപ്പ് ഡിസ്കഷൻ, ഗൂഗിൾ മീറ്റുകൾ എന്നിവയിലൂടെ വിശദമായ മസ്അല ചർച്ചകൾ നടത്തുകയും ഒരുപാട് വിഷയത്തില്‍ വന്ന സംശയം നികത്തുവാനും അറിവുകൾ ആഴത്തിൽ പഠിക്കാനുള്ള ശ്രമങ്ങളും നടത്താൻ ഒരുപാട് കഴിഞ്ഞിട്ടുണ്ട്. അൽഹംദുലില്ലാഹ്.
അല്ലാഹുവിൻറെ നൂറായ ഇൽമ് പഠിക്കണം..
ഹിഖ്ഹീ മസ്അലകൾ പഠിക്കണം…
അറബി ഭാഷ പഠിക്കണം…
ഒരു വിദ്യാർത്ഥിനിയായി വീട്ടിൽ ഇരുന്നു കൊണ്ട് ഒരു ഉസ്താദിൽ നിന്ന് ഒരു ഫിഖ്ഹീ ഗ്രന്ഥം മുഴുവനായും പഠിക്കണം എന്നൊക്കെയുള്ള ആഗ്രഹം ശക്തമായി മനസ്സിൽ ഉണ്ടോ?
എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ കോഴ്സ്.
സിം മീഡിയ ഒരുക്കിയ ഖുലാസ ദർസ് കോഴ്സ്. 9656944366
മഹ്ദിയ മാഹിൻ കളമശ്ശേരി
(ഖുലാസ ദർസ് കോഴ്സ് പൂർത്തിയാക്കിയ ഒന്നാം ബാച്ച് പഠിതാവ്.)
Masha allah ❤️👍
ماشاء الله 😍
Super.