about author

കോടമ്പുഴ ബാവ മുസ്‌ലിയാർ; പൂർവ്വീക പണ്ഡിതരെ അനുസ്മരിപ്പിക്കുന്ന പണ്ഡിതൻ (Kodampuzha Bava Musliyar)

By

മുഹമ്മദ് ലുഖ്-മാന്‍ ശാമില്‍ ഇര്‍ഫാനി കാമില്‍ സഖാഫികുറ്റിപ്പുറം

കിടയറ്റ പണ്ഡിത-ശിരോമണി, ഉജ്ജ്വല എഴുത്തുകാരൻ, തികഞ്ഞ  വാഗ്മി, ഉയർന്ന  ചിന്തകൻ, മികച്ച സംഘാടകൻ എന്നീ വിശേഷണങ്ങളുടെ സങ്കലനമാണ് കോടമ്പുഴ ബാവ ഉസ്താദ് .എന്നാൽ ഒരു മഹാ ഗ്രന്ഥകർത്താവ് എന്ന നിലയിലാണ് വിശ്രുതനായത്. വ്യത്യസ്ഥ വിശയങ്ങളിലായി അറബിയിലും മലയാളത്തിലും 130ൽ പരം കാമ്പും കഴമ്പുമുള്ള ഗ്രന്ഥങ്ങൾ ഈ ലോകത്തേക്ക്  സമർപ്പിച്ചു. കേരളത്തിൽ ഇത്രയധികം കൃതികൾ സംഭാവനയർപ്പിച്ച മറ്റൊരു പണ്ഡിതനില്ല.  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉന്നതപണ്ഡിത കൂടയാലോചനസമിതി (മുശാവറ) യിൽ അംഗമായ ബാവ ഉസ്താദ് മത -ഭൗതിക വിഷയങ്ങളിൽ ആഴവും പരപ്പുമുള്ള പണ്ഡിത കേസരിയാണ്.  കോടമ്പുഴ ദാറുല്‍ മആരിഫിന്‍റെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും പ്രധാന അധ്യാപകനുമാണ്. 

ജീവിതരേഖ

മാവൂർ ഖാളിയും മുദരിസുമായിരുന്ന കെ മുഹമ്മദ് മുസ്‌ലിയാരുടെയും  അബ്ദു മുസ്‌ലിയാരുടെ മകൾ ആഇശ എന്നവരുടേയും മകനായി 1946 ജൂലൈ 8-ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലാണ് ജനനം. പത്താം വയസ്സില്‍ പിതാവിന്‍റെ നാടായ കോടമ്പുഴയിലേക്ക് താമസം മാറ്റി. പ്രാഥമിക പഠനത്തിനു ശേഷം മാവൂർ ജുമുഅത്ത് പള്ളിയിലാണ് മതപഠനത്തിന് തുടക്കം കുറിക്കുന്നത്. പിതാവ് തന്നെയായിരുന്നു ഗുരു. ശേഷം രണ്ടുവർഷം കോടമ്പുഴ ബാഅലവി ജുമാമസ്ജിദിൽ പെരുമുഖം ബീരാൻ കോയ ഉസ്താദിന്റെയടുത്തും തുടർന്ന് അഞ്ചുവർഷം വാഴക്കാട് ദാറുൽ ഉലൂമിൽ റഈസുൽ മുഹഖിഖീൻ  കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ശിക്ഷണത്തിലും വിദ്യ നുകർന്നു.  പ്രൈവറ്റായി എസ്.എസ്.എല്.സി. എഴുതി. വാഴക്കാട്ടെ മതപഠനത്തിനിടയിൽ  കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് അഫ്ളലുല്‍ ഉലമയും കരഗതമാക്കി.  തുടർന്ന് അധ്യാപനത്തിലും ഗ്രന്ഥപാരായണത്തിലും രചനയിലുമായി ജീവിതപ്രയാണമാരംഭിച്ചു. കോടമ്പുഴ ജുമാമസ്ജിദിൽ സഹമുദരിസായും പത്തുവർഷക്കാലം രാമനാട്ടുകര ടൗൺ മസ്ജിദ് ഖത്വീബായും സേവനം ചെയ്തിട്ടുണ്ട്.

കേരളാ ഗവണ്‍മെന്‍റ് അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോര്‍ട്ട് കമ്മിറ്റി, സ്ക്രൂട്ടിന്‍ കമ്മിറ്റി എന്നിവയില്‍ അംഗമായി. ഒന്നുമുതല് പത്തുവരെയുള്ള സുന്നി വിദ്യാഭ്യാസബോര്ഡിന്റെ മദ്റസാ പാഠപുസ്തകങ്ങൾ തയ്യാറാക്കി നൽകി. സുന്നി മദ്രസകളിലെ പാഠപുസ്തകങ്ങളായ താരീഖുകളും ഉലൂമുൽ ഖുർആനും ദുറൂസുത്തസ്കിയയും ബാവ ഉസ്താദിന്റെ കൃതികളാണ്. ദറസുകളിലും കോളേജുകളിലും ദിനേന ഓതിപഠിപ്പിക്കുന്ന ഖുലാസത്തുൽ ഫിഖിഹിൽ ഇസ്ലാമി, സീറത്തു സയ്യിദിൽ ബഷർ, അൽഖിലാഫത്തുറാഷിത, അൽഖിലാഫത്തുൽ ഉമവിയ്യ, താരീഖുൽ ആലമിൽ ഇസ്ലാമി എന്നിവ ഉസ്താദിന്റെ ഗ്രന്ഥങ്ങളാണ് . 

ഗുരുക്കന്മാർ

പിതാവായ മുഹമ്മദ് മുസ്‌ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, പെരുമുഖം ബീരാൻ കോയ മുസ്‌ലിയാർ, സി.എച്ച്. അബ്ദുറഹ്മാന് മുസ്‌ലിയാർ, മേന്മുണ്ട കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, വാഴക്കാട് ബീരാൻ മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരക്കൾ.

രചനാലോകം

രചനാ വൈഭവം കൊണ്ട് നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത പണ്ഡിതനാണ് ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ ഉസ്താദ് . ചരിത്രം, കര്മശാസ്ത്രം എന്നിവയിലാണ് കൂടുതല് ഊന്നൽ നല്കിയത്. ഖുലാസയും സയ്യിദുൽ ബശറും മാസ്റ്റർ പീസുകളാണ്. തഫ്സീറുൽ ജലാലൈനിയുടെ തന്റെ വ്യാഖ്യാനമായ തൈസീറുൽ ജലാലൈനി പണ്ഡിതലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു. നിലവിൽ 25 വാല്യം കടന്ന ഈ മഹാഗ്രന്ഥം പൂർത്തിയായിട്ടില്ല . പൂർത്തിയാവുമ്പോൾ ഉദ്ദേശം 30 വാല്യങ്ങൾ പ്രതീക്ഷിക്കപ്പടുന്നു . കേരളത്തിൽ ഇത്തരത്തിൽ വലിയ ഒരു ഖുർആൻ വ്യാഖ്യാനം എഴുതിയ പണ്ഡിതനില്ലെന്ന് തന്നെ പറയാം . യഥാർത്ഥത്തിൽ ഇതൊരു വ്യാഖ്യാന വ്യാഖ്യാനമാണ് . അഥവാ വിശുദ്ധ ഖുർആൻ വ്യാഖ്യാനമായ തഫ്സീറുൽ ജലാലൈനിയുടെ വ്യാഖ്യാനമണിത് (ഹാശിയ). അത് കൊണ്ട് തന്നെ ഖുർആനിന്റെ ആഴിയലേക്ക് ഈ ബൃഹത് ഗ്രന്ഥം ഇറിങ്ങി ചെല്ലുന്നു. ഒരു പിടി തഫ്സീറുകൾ വായിച്ച അനുഭൂതിയാണിതെന്ന് വായനാക്കാർ നിരീക്ഷിക്കുന്നു. ആകർഷകമായ മറ്റനവധി പ്രത്യേകതകളും ഈ മഹത് ഗ്രന്ഥത്തിനുണ്ട് .

ബാവ ഉസ്താദിന്റെ ചില ഗ്രന്ഥങ്ങൾ വിദേശ രാജ്യങ്ങളിലെ പ്രസാധകർ അവിടെ അച്ചടിച്ചു വരുന്നു. ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി, സയ്യിദുൽ ബശർ, സഹാബു സുലാൽ, അബുൽ ബശർ, രിസ്ഖുൽ അസ്ഫിയാ, ലിമാദാ എന്നീ കൃതികൾക്ക് കൈറോ, ദുബൈ തുടങ്ങിയ സ്ഥലങ്ങളിൽ അച്ചടിമഷി പുരണ്ടിട്ടുണ്ട്.

മറ്റു വിശേഷങ്ങൾ

കേവലമൊരു എഴുത്തുകാരൻ മാത്രമല്ല ബാവ ഉസ്താദ്. ഒരു സാഹിത്യകാരനും കലാകാരനും പ്രഭാഷകനും കവിയുമാണ് . അറബിയിലും മലയാളത്തിലും പദ്യവും മാപ്പിളപ്പാട്ടുകളും രചിച്ചിട്ടുണ്ടത്രെ. പഴയകാല കഥാപ്രസംഗങ്ങളും സ്വാഗതഗാനങ്ങളും ഉണ്ടാക്കിക്കൊടുത്തിരുന്ന പഴയകാല ഓർമകൾ ഉസ്താദ് ക്ലാസുകളിൽ പ്രതിപാദിക്കാറുണ്ട് . വിനയവും ലാളിത്യവും ഉസ്താദിന്റെ മുഖമുദ്രയാണ്. ഒരു വലിയ പണ്ഡിതനാണെന്ന ഭാവമോ നാട്യമോ ഉസ്താദിനില്ല. സമ്മേളന വേദികളിൽ മുന്നിൽ വന്നിരിക്കാതിരിക്കാൻ പോലും ശ്രദ്ധിക്കാറുണ്ട്. കാന്തപുരം എപി ഉസ്താദിനെ പോലോത്ത പണ്ഡിതർക്കൊപ്പം ഇരിക്കാതെ കസേര അൽപം ഇറക്കിയിട്ട് ഇരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. അതവിടത്തെ തികഞ്ഞ വിനയവും മര്യാദയുമായി ഞാൻ മനസ്സിലാക്കുന്നു. നിറകുടം തുളുമ്പില്ല എന്ന പഴമക്കാരുടെ ചൊല്ലനുസ്മരിക്കും വിധമാണ് അവിടത്തെ ചലന-നിശ്ചലനങ്ങൾ. തികഞ്ഞ സഹനശീലർ കൂടിയാണ് ഉസ്താദ്. തന്റെ ബാല്യത്തിൽ തന്നെ പിടീകൂടിയ വയർ വേദന ഇപ്പോഴും പിടിവിട്ടിട്ടില്ല. എല്ലാ സമയത്തും ഉസ്താദിനെ അതങ്ങനെയലട്ടുകയാണ്. ചിലപ്പോൾ കൂടും. ചിലപ്പോൾ കുറയും. ഇമാം ഷാഫിഈ (റ) സ്ഥിരരോഗിയായിരുന്നു എന്ന് ചരിത്രത്തിൽ കാണാം . അതൊന്നും വകവെക്കാതെ വിജ്ഞാന കാര്യങ്ങളിലായിരുന്നു ഇമാമവർകളുടെ ശ്രദ്ധ. ബാവ ഉസ്താദും തന്റെ ഈ രോഗം കാര്യമാക്കാതെ വിജ്ഞാന സപര്യയിൽ മുഴുകിയിരിക്കയാണ്. ഉസ്താദ് ഒരിക്കൽ പറഞ്ഞതോർക്കുന്നു: “സ്ഥിരരോഗിയായത് കൊണ്ട് കുറഞ്ഞ പരിപാടികൾക്കേ പോകാറുള്ളൂ. അത് കൊണ്ടാണ് ഗ്രന്ഥങ്ങൾ രചിക്കാൻ കഴിയുന്നത്” . തന്റെ വിദ്യാർത്ഥികളാണ് തന്റെ എല്ലാം. അത്രയും സ്നേഹവും വാത്സല്യവുമാണവരോട് . അവരാവശ്യപ്പെടുന്നതെന്തും നിറവേറ്റിക്കൊടുക്കാറാണ് ഉസ്താദിന്റെ പതിവ്. സകല കാര്യങ്ങളും അവരോടും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാറുള്ളത് . പല ചർച്ചകളും ശിഷ്യന്മാർക്കു മുന്നിൽ ഇട്ട് കൊടുക്കും . പിന്നെ മുഴുചർച്ചയാണ്. താനവരുടെ ഗുരുവാണെന്ന് പോലും മുഖത്ത് കാണില്ല. ആർക്കും ക്രോസ് ചെയ്യാം, വിമർശിക്കാം, അഭിപ്രായമുന്നയിക്കാം . കൗശലക്കാരനായത് കൊണ്ട് അവർക്കതൊക്കെ ഒരു ഹരമാണ്. പക്ഷേ എല്ലാത്തിനും കൃത്യമായ മറുപടിയുമു ണ്ടാവും ഉസ്താദിന് .

സമയനിഷ്ഠയുള്ള വിദ്യാപ്രേമിയാണ് ഖലമുൽ ഇസ്ലാം ബാവ ഉസ്താദ്. അങ്ങോരുടെ മുറിയിൽ ഇങ്ങനെ എഴുതി വെച്ചത് കാണാം. “സമയം വിലപ്പെട്ടതാണ്; നിങ്ങളുടേതും നമ്മുടേതും” , പൂർവികരായ ഇമാമുമാരെ അനുസ്മരിപ്പുക്കും വിധം ഓരോ 3 മാസം തോറും ചുരുങ്ങിയത് 1 പുസ്തകമെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടാവും. രാപകലില്ലാതെ എഴുത്തിൽ വ്യാപൃതനാവുന്ന ഉസ്താദിന്റെ സമയനിഷ്ഠയുടെ ഫലമാണിത്. ഈ ഗ്രന്ഥങ്ങൾ പലതവണകളായി ആയിരത്തിലേറെ മതപണ്ഡിതർക്ക് സൗജന്യമായി ഉസ്താദ് നൽകിവരാറുണ്ട്. ഒരു വലിയ സംഖ്യ തന്നെ ഇതിന് ചെലവ് വരാറുണ്ട്. ഉസ്താദിനോടാഭിമുഖ്യമുള്ള പലരും ഇതിന് സഹായങ്ങൾ നൽകി വരുന്നു. ഇതിന്റെയെല്ലാം വരുമാനങ്ങൾ ഉസ്താദിന്റെ സ്ഥാപനമായ കോടമ്പുഴ ദാറുൽ മആരിഫിനാണ് ലഭിക്കുന്നത്. ഒരു ചില്ലിക്കാശ് പോലും ഉസ്താദ് കൈപറ്റുന്നില്ല.

ഗ്രന്ഥനാമ സമാഹാരം

അറബിയിലും മലയാളത്തിലുമാണ് ഉസ്താദ് രചന നിർവഹിച്ചത്. അധികവും കോടമ്പുഴ ദാറുൽ മആരിഫിന്റെ പ്രസിദ്ധീകരണമായ അൽ മആരിഫ് പബ്ലിക്കേഷനാണ് പുറത്തിറക്കിയത്. ഈജിപ്റ്റ് , യു എ ഇ, ലബനാൻ എന്നിവിടങ്ങളിലും വിദേശ പ്രസാധകർ ചില ഗ്രന്ഥങ്ങൾ ഉസ്താദിന്റെ അനുമതിയോടെ പ്രസിദ്ധീകരിച്ച് വരുന്നു. ഏറെ വിറ്റഴിഞ്ഞ “നിസ്കാരം വിഷമ ഘട്ടങ്ങളിൽ” എന്ന പുസ്തകം അന്ധരായ വായനാകുതുകികൾ  ബ്രൈൻ ലിപയായി അച്ചടിച്ചിട്ടണ്ട്. ചില കൃതികൾ  അങ്ങോരുടെ അരുമ ശിഷ്യന്മാർ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുന്നു.

അറബി ഗ്രന്ഥങ്ങൾ

1 സീറത്തു സയ്യിദിൽ ബശർ (സ) (ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം)

2 അൽ ഇസ്ലാം

3 അബുൽ ബശർ (അ) – (മനുഷ്യപിതാവ്)

4 രിസ്ഖുൽ അസ്ഫിയാ

5 ദുറൂസുത്തസ്കിയ (5 ഭാഗം)

6 അൽ ഖിലാഫത്തു റാശിദ:

7 അൽ ഖിലാഫത്തുൽ ഉമവിയ്യ

8 താരീഖുൽ ആലമിൽ ഇസ്ലാമി  (ഇസ്ലാമിക ലോക ചരിത്രം)

9 ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി (കർമ്മ ശാസ്ത്രം)

10 തൻവീറുൽ ഈമാൻ ബി തഫ്സീറുൽ ഖുർആൻ (3 വാല്യം)

11 ഖുതുബുൽ അഖ്താബ് അശൈഖ് അബ്ദുൽ ഖാദർ ജീലാനി

12 ഖിസസുൻ ലാ തുഖസ്സു (പറയാൻ പറ്റാത്ത കഥകൾ)

13 മഅൽകുതുബ്

14 കിതാബുൽ ജൂദി വസ്സഖാഅ് (ധർമ്മവും ധർമ്മിഷ്ഠരും)

15 മആലിമുത്വുല്ലാബ് (2 വാല്യം)

16 നുബദുൻ മിൻ സുബദിൽ ഖുർആൻ

17 വഫയാതുൽ അബ്റാർ (സച്ചരിതരുടെ മരണരംഗങ്ങൾ)

18 യനാബീഇൽ ഗിനാ ശറഹ് അസ്മാഇല്ലാഹിൽ ഹുസ്ന

19 ഇബ്റാഹീം ബ്നു അദ്ഹം; ഹയാതുഹു വ സീറതുഹു

20 ഖലീലുല്ലാഹി ഇബ്റാഹീം (അ)

21 രിസ്ഖുൽ അസ്ഫിയാ

22 രിഹലതുൽ അഅ്ലാം ഇലാ റൗളത്തിൽ ഇസ്ലാം (അന്ന് മുതൽ ഇന്നുവരെ ഇസ്ലാം പുൽകിയവരുടെ ചരിത്രം , അവർ ഇസ്ലാം ആശ്ലേഷിക്കാനുണ്ടായ കാരണങ്ങൾ)

23 മനിൽ ഖിളർ

24 സഫീനതു സ്സഹ്റാഅ് (ഒട്ടകത്തെ കുറിച്ചുള്ള പഠനം)

25 സഹാബുസ്സുലാൽ ഫീ ശർഹി കിതാബു സ്സുആൽ

26 ശർഹ് മൻളൂമത്തി ഇബ്നുൽ ഇമാദ്

27 അതീദതുൽ മഹാം ശവഹ് അഖീദതുൽ അനാം

28 ഖിസസു സ്വലാത്ത്

29 ഖിസ്സതു യൂസുഫ് (അ)

30 തസ്ഹീലുൽ ബൈളാവി (തഫ്സീർ ബൈളാവിയുടെ വ്യാഖ്യാനം)

31തൈസീറുൽ ജലാലൈനി (29 വാല്യം, തഫ്സീർ ജലാലൈനിയുടെ വ്യാഖ്യാനം)

33 തൽഖീസുത്താരീഖിൽ ഇസ്ലാമി (5 വാല്യം, ഇസ്ലാമിക ലോക ചരിത്രത്തിന്റെ രത്നച്ചുരുക്കം)

34 അൽ അമലു ബിൽ അഫ്ളൽ (എല്ലാത്തിലും ഏറ്റം ഉത്തമായ കർമ്മങ്ങൾ)

35 അസ്സയ്യിദത്തു നഫീസതുൽ മിസ്രിയ്യ

36 ബിദായത്തുന്നഹ് വ് വസ്വർഫ് (2 വാല്യം)

37 അൽ മർഅതു ഫീ ളിലാലിൽ ഇസ്ലാം (സ്ത്രീ ഇസ്ലാമിന്റെ നിഴലിൽ)

38 ബുസ്താനുസ്സബ്അ (7 ന്റെ പ്രത്യേകതകൾ)

39 തസ്കിയതുൽ വിൽദാൻ (4 വാല്യം)

40 ഇഹ്തിബാറുന്നഫ്സ് ഫീ ളൗഇൽ അഹാദീസുന്നബവിയ്യ

41 ഔസതു അബ് വാബിൽ ജന്ന (മാതാപിതാ ഗുണങ്ങൾ, അവരോടുള്ള കടപ്പാടുകൾ)

42 അൽ അജ്സാദുൽ അജീബ വൽ അബ്ദാനിൽ ഗരീബ (അൽഭുതപ്പെടുത്തുന്ന ശരീരങ്ങൾ, അവയുടെ അപൂർവ്വ കഥകൾ)

43 ഇഹ്ദാഉ സ്വലവാതി സാഹിറ ബി മുഅ്ജിസാതിൽ ബാഹിറ (ഒരു ഔറാദ്)

44 അൽ ഇമാമു ശാഫിഈ മനാഖിബുഹു വ മവിഹിബുഹു

45 അൽ അംസിലതുറാഇഅ മിനൽ മുഅ്ജിസാതുസ്സാത്വിഅ (പ്രവാചകരുടെ അസാധാരണ സംഭവങ്ങൾ)

46 അൽ ഇംദാദ് വൽ ഇർശാദ് മിൻ സയ്യിദിൽ അനാം മിൻ ബഅ്ദി വഫാതിഹി

47 അത്തവസ്സുലുൽ അസ്നാ ബിൽ അസ്മാഇൽ ഹുസ്ന

48 അത്തഅ്മീൻ ഫീ മിൻളാരിൽ ഫിഖ്ഹിൽ ഇസ്ലാമി (സാമ്പത്തിക ശാസ്ത്രം)

49 അൽ ഹജ്ജ് വൽ ഉംറ വ സിയാറ

50 അഖാഇദുൽ ഇസ്ലാം (2 വാല്യം)

51 അല്‍ഫു ഖിസ്സത്തിന്‍ വ ഖിസ്സ (1001 കഥകൾ)

52 ലി മാദാ (എന്തിന് വേണ്ടി)

53 ലി ഹാദാ (ഇതിന് വേണ്ടി)

54 കൈഫ ദാലിക (അതെങ്ങനെ)

55 മുഅ്ജമുൽ മർഅ (നിഘണ്ടു)

56 ജിനാനുൽ അദബ് (അറബിക് സാഹിത്യം)

57 വാഹത്തുല്‍ അദ് ലി ഫീ ഖാഹത്തില്‍ ജൗര്‍ (ഖലീഫ ഉമറുബ്നു അബ്ദുൽ അസീസ് (റ) ജീവചരിത്രം)

59 ആലമുല്‍ ഔലാദ് (കുട്ടികളുടെ ലോകം)

മലയാള കൃതികൾ

1 അന്ത്യപ്രവാചകന്റെ പ്രവചനങ്ങൾ

2 കാത്തിരുന്ന പ്രവാചകൻ 

3 ഇൻഷൂറൻസിന്റെ ഇസ്ലാമിക മാനം

4  തഖ്ലീദ്: സംശയങ്ങൾക്ക് മറുപടി

5 ഉറക്കവും സ്വപ്നവും

6 മാർജ്ജാരശാസത്രം (പൂച്ചയെ കുറിച്ചുള്ള പഠനം)

7 ആത്മജ്ഞാനികളുടെ പറുദീസ

8 മൊഴിയും പൊരുളും

9 ഹദീസ് അർത്ഥവും വ്യാഖ്യാനവും

10 ഹദീസ് വിവര്‍ത്തനം വിശകലനം

11 ചിന്താകിരണങ്ങൾ

12 തൂലികാ തരംഗങ്ങൾ

13 ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാലകം

14 യോഗ,ധ്യാനം,ഇസ്ലാം

15 വിചാര വീചികൾ

16 വിശുദ്ധ ഖുർആൻ വഹന സ്പർശന നിയമങ്ങൾ

17 ശ്രദ്ധേയ ഫത്‌വകൾ

18  ഹജ്ജ് മബ്റൂർ

19 ഹജ്ജ് ഉംറ സിയാറത്ത് പ്രശ്നോത്തരങ്ങള്‍

20 ജമാഅത്ത് നിസ്കാരം സംശയനിവാരണം

21 ത്വലാഖ് ഫത്‌വകൾ

22 ദീപ്ത ലിഖിതങ്ങൾ

23 നിസ്കാരം വിഷമഘട്ടങ്ങളിൽ

24 നീതിയുടെ നിസ്തുല നിദർശനങ്ങൾ

25 നെറ്റ്‌വര്‍ക്ക് ബിസിനസ്‌ ഇസ്ലാമിക വീക്ഷണത്തില്‍

26 പഠന സരണി

27 പള്ളികൾ ദൗമികപ്പറുദീസകൾ

28 പ്രശ്നങ്ങൾ പ്രതിവിധികൾ

29 മതപരിത്യാഗം ഭവിഷ്യത്തും കാരണങ്ങളും

30 അത്യുത്തമ കർമ്മങ്ങൾ

31 ആത്മ പരിശോധന തിരുവചനങ്ങളിലൂടെ

32 ആത്മീയോൽക്കർശത്തിന്റെ വിഹായസ്സിലേക്ക്

33 ഇൻഷൂറൻസും ഷെയർ ബിസിനസും

34 ഉളുഹിയ്യത്ത് നിയമങ്ങൾ ചോദ്യോത്തരം

35 ഉറക്കവും സ്വപ്നവും

36 കളിയും വിനോദവും

37 കാത്തിരുന്ന പ്രവാചകന്‍

38 ചിന്താ കിരണങ്ങൾ

39 ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം

40 ദയാവധം

ബാവ ഉസ്താദിന്റെ മിക്ക കൃതികളും വിപണിയിൽ ലഭ്യമാണ്. കോടമ്പുഴയിലെ ദാറുൽ മആരിഫിൽ നിന്ന് ആദായത്തൊടെ ഇവകൾ മൊത്തമായും ചില്ലറയായും കൈപറ്റാം. ഓൻലൈനായി വാങ്ങാൻ ഒരു ഷോപ്പിംഗ് വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട് ( https://books.darulmaarif.in/ )ഇതിന്റെയെല്ലാം വരുമാനങ്ങൾ ആ സ്ഥാപത്തിലെ ചെലവുകളലേക്കാണ് നീക്കിവെക്കുന്നത്.

ഗ്രന്ഥവിശേഷ വിശകലന യജ്ഞം

തഫ്സീര്‍

ഇസ്ലാമിന്‍റെ മുഖ്യ പ്രമാണമായ പരിശുദ്ധ ഖുര്‍ആനിന് പ്രഗത്ഭരായ പണ്ഡിതര്‍ എഴുതിയ അസംഖ്യം വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ (തഫ്സീർ) വിശ്രുതവും ഏറെ സംക്ഷിപ്തവുമാണ് തഫ്സീറുല്‍ ജലാലൈനി. ഈ ഗ്രന്ഥത്തിന് ഉസ്താദ് എഴുതിയ ‘തൈസീറുല്‍ ജലാലൈനി’ എന്ന ഗ്രന്ഥാവലി അദ്ദേഹത്തിന്‍റെ കൃതികളില്‍ ഏറെ ശ്രദ്ധേയമാണ്. 29 വാല്യങ്ങള്‍ പൂർത്തിയായി. മുപ്പതോളം തഫ്സീര്‍ ഗ്രന്ഥങ്ങള്‍ അവലംബിച്ച് രചിച്ച ഇത് മുദരിസുമാര്‍, മുതഅല്ലിമുകള്‍, പ്രഭാഷകര്‍, പ്രബോധകര്‍ തുടങ്ങി മത രംഗത്തെ സകലർക്കും വളരെ ഉപകാരപ്രദമാണ്.

പള്ളി ദര്‍സുകളിലെയും മറ്റു മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന തഫ്സീറുല്‍ ബൈളാവിക്ക് ലഭ്യമായ പ്രാമാണിക വ്യാഖ്യാനങ്ങള്‍ അവലംബിച്ചുകൊണ്ട് സംക്ഷിപ്തവും ലളിതവുമായി അദ്ദേഹം രചിച്ചിട്ടുള്ള ‘തസ്ഹീലുല്‍ ബൈളാവി’ തഫ്സീര്‍ ശാഖയിലെ മറ്റൊരു ഗ്രന്ഥമാണ്. ഫാതിഹയുടെയും അല്‍ബഖറയിലെ ആദ്യ ആയത്തുകളുടെയും വ്യാഖ്യാനമാണ് തസ്ഹീലിന്‍റെ ഒന്നാം ഭാഗത്തിലുള്ളത്. ഈ കൃതിയും പൂർത്തിയായിട്ടില്ല.

ഹദീസ്

‘മൊഴിയും പൊരുളും’, ‘ഹദീസ് വിവര്‍ത്തനം, വിശകലനം’, ‘ഹജ്ജ് മബ്റൂര്‍’ എന്നിവയാണ് ഉസ്താദിന്റെ ഹദീസ് കൃതികള്‍.   . വിശ്വാസം, അനീതി, കൃഷി, സൗമനസ്യം, ഫലിതം, മൃഗാവകാശം, ശകുനം, കടം, വ്യായാമം, പ്രാര്‍ത്ഥന, യാത്ര, മാസപ്പിറവി, തൊഴില്‍ തുടങ്ങി നൂറിലധികം ശീര്‍ഷകങ്ങള്‍ ഒന്നാമത്തെ പുസ്തകത്തിലും റിയല്‍ എസ്റ്റേറ്റ്, പ്രവാസം, ഭിക്ഷാടനം തുടങ്ങിയ ശ്രദ്ധേയ വിഷയങ്ങള്‍ രണ്ടാമത്തേതിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ രണ്ട് കൃതികളും പ്രവാചക വചനങ്ങളുടെ അന്തസത്തയിലേക്കുള്ള ഒരു പ്രയാണമാണ് . പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന ഹാജിമാരുടെ ദൗത്യവും തീര്‍ത്ഥാടന പവിത്രതയും ഹാജിമാരുടെ മാനസിക വികാരങ്ങളുമെല്ലാം ഹദീസുകളുടെ പിന്‍ബലത്തില്‍ വിവരിക്കുന്ന ഒരു കുഞ്ഞൻ കൃതിയാണ് ഹജ്ജ് മബ്റൂര്‍.

ഫിഖ്ഹ്

കര്‍മശാസ്ത്രത്തിലും ചരിത്രത്തിലുമാണ് ഉസ്താദിന് കൂടുതൽ കൃതികളുള്ളത്. അവയിൽ തന്നെയാണ്  മാസ്റ്റര്‍പീസുകളേറെയും വിരചിതമായത്.  പാരാവാരം പോലെ പരന്നുകിടക്കുന്ന ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ പ്രധാനമായ മസ്അലകൾ ഒരുക്കൂട്ടി, അവയൊക്കെയും കൃത്യസ്ഥാനത്ത് ക്രമീകരിച്ച്, ലളിതമായി, സംക്ഷിപ്തമായി മദ്റസാ പാഠ്യപദ്ധതിയിലേക്ക് തയ്യാറാക്കി നൽകിയ ഒരുജ്വല ഗ്രന്ഥമാണ്‘ഖുലാസ്വതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി’ . ഉസ്താദിന്റെ ഒരു ക്ലാസിക്കൽ രചനയായി തന്നെ ഇതിനെ വിലയിരുത്താം. ഫത്ഹുൽ മഈനിന്റെ ചുരുക്കമായ ഈ മഹത് ഗ്രന്ഥം ശാഫിഈ ഫിഖിഹിലെ പ്രബലഗ്രന്ഥശ്രേണിയിൽ ഉൾപ്പെടുത്താം. ഇത് കൊണ്ട് തന്നെ ഉയർന്ന വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന പള്ളി ദര്‍സുകളിലെയും കോളേജുകളിലെയും മുഖ്യപാഠ്യഗ്രന്ഥമായിത് മാറി. ഉസ്താദിന്റെ അരുമ ശിഷ്യനായ ഉസ്താദ് സഹ്ൽ ശാമിൽ ഇർഫാനി ഇതിനൊരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. നിലവിലത് പൂർത്തിയായിട്ടില്ല.

ക്ലോണിംഗ്, സയാമീസ്, ടെസ്റ്റ്റ്റ്യൂബ് ശിശു, രക്തദാനം, അവയവ ദാനം, ലിംഗ മാറ്റം, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ ആധുനിക സമസ്യകള്‍ക്ക് കര്‍മശാസ്ത്രം നിര്‍ദേശിക്കുന്ന പരിഹാരങ്ങള്‍ പ്രതിപാദിക്കുന്ന ‘ജനിതക ശാസ്ത്രത്തിന്‍റെ ഇന്ദ്രജാലം’, നിസ്കാരം രോഗശയ്യയില്‍, ഓപ്പറേഷന്‍ തിയേറ്ററില്‍, തടവറയില്‍, കാറില്‍, ബസ്സില്‍, ട്രൈനില്‍, പ്ലൈനില്‍, ധ്രുവ പ്രദേശത്ത്, ബഹിരാകാശത്ത് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ ഉദ്ധരണികളോടെ തയ്യാര്‍ ചെയ്ത ‘നിസ്കാരം വിഷമ ഘട്ടങ്ങളില്‍’, ഇന്‍ഷൂറന്‍സും അതിന്‍റെ വകഭേദങ്ങളും അതുമായി ബന്ധപ്പെട്ട അവിശുദ്ധ സാമ്പത്തിക ഇടപാടുകളും വിശദീകരിക്കുന്ന ‘അത്തഅ്മീനു ഫീ മിന്‍ളാരി ഫിഖ്ഹില്‍ ഇസ്ലാമി’, ഇജ്തിഹാദ്, തഖ്ലീദ് സംബന്ധിയായ തർക്കവിഷയങ്ങളില്‍ സാധാരണക്കാര്‍ക്കും മതവിദ്വാൻമാർക്കും ഉപകാരപ്രദമായ ‘തഖ്ലീദ്: സംശയങ്ങള്‍ക്ക് മറുപടി’, ജനനം, ശൈശവം, ബാല്യം, കൗമാരം എന്നീ ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലുള്ള ശിക്ഷണരീതികൾ, ആരാധനകള്‍, ഇടപാടുകൾ, സന്താന മന:ശാസ്ത്രങ്ങൾ തുടങ്ങിയ കുട്ടിലോകത്തെ സകലകാര്യങ്ങൾ വിശകലനം ചെയ്യുന്ന ‘ആലമുല്‍ ഔലാദ്’(കുട്ടികളുടെ ലോകം), ഇരുന്നൂറ്റിയൊന്ന് ചോദ്യങ്ങള്‍ക്ക് ആധികാരിക ഗ്രന്ഥോദ്ധരണിങ്ങള്‍ നിരത്തി മറുപടി പറയുന്ന ‘പ്രശ്നങ്ങള്‍, പ്രതിവിധികള്‍’, ഖുര്‍ആനിന്‍റെ വന്ദന വിധികളും നിന്ദന വിലക്കുകളും മറ്റു കര്‍മശാസ്ത്ര മസ്അലകളും പ്രതിപാദിക്കുന്ന ‘വിശുദ്ധ ഖുര്‍ആന്‍: വഹന സ്പര്‍ശന നിയമങ്ങള്‍’ എന്നിവക്കു പുറമെ ഉസ്താദിന്റെ ഫത് വാ സമാഹാരങ്ങളായ‘ജമാഅത്ത് നിസ്കാരം സംശയ നിവാരണം’, ‘ഉളുഹിയ്യത്ത് നിയമങ്ങള്‍; ചോദ്യോത്തരം’, ‘ത്വലാഖ് ഫത്വകള്‍’, ‘ശ്രദ്ധേയ ഫത്വകള്‍’, ‘അത്യുത്തമ കര്‍മങ്ങള്‍’, ‘ഹജ്ജ്-ഉംറ-സിയാറത്ത്’ എന്നീ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയുള്ള നജസുകളെക്കുറിച്ച് ഇമാം ഇബ്നുല്‍ ഇമാദ്(റ) രചിച്ച മന്‍ളൂമയെ (പദ്യകൃതിയെ)  വ്യാഖ്യാനിക്കുന്ന ‘ശര്‍ഹു മന്‍ളൂമതി ഇബ്നില്‍ ഇമാദ്’ ഏറെ ഉപകാരപ്രദമായ, അപൂർവ്വമായ ബാവ ഉസ്താദിന്റെ അറബി രചനയാണ്.

തസ്വവ്വുഫ്

‘രിസ്ഖുല്‍ അസ്വ്ഫിയാ’ ആണ് ബാവ ഉസ്താദിന്‍റെ തസ്വവ്വുഫിലെ ശ്രദ്ധേയ ഗ്രന്ഥം. ശൈഖ് ഇബ്റാഹീമുല്ലഖാനി(റ)യുടെ ജൗഹറതുത്തൗഹീദ്, സൈനുദ്ദീന്‍ മഖ്ദൂം(റ)വിന്‍റെ ഹിദായതുല്‍ അദ്കിയാഅ്, ഉമര്‍ ഖാളി(റ)യുടെ നഫാഇസുദുറര്‍ എന്നീ പദ്യ കൃതികളുടെ വ്യാഖ്യാന ഗ്രന്ഥമാണിത്. ഈ കവിതാ ത്രയങ്ങളെ ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍ ‘രിസ്ഖുല്‍ അസ്വ്ഫിയാഅ്’ (ആത്മജ്ഞാനികളുടെ ആഹാരം) എന്നാണ് വിശേഷിപ്പിച്ചത്. വിശദീകരണ ഗ്രന്ഥത്തിന്  ഈ നാമം തന്നെയാന് ഗ്രന്ഥകാരന്‍ സ്വീകരിച്ചിരിക്കുന്നത്. വിഷയങ്ങള്‍ തിരിച്ച് ശീര്‍ഷകങ്ങള്‍ നല്‍കിയും ഓരോ ശീര്‍ഷകത്തിനും ആമുഖം നല്‍കിയും ഓരോ പദ്യത്തിനും പദത്തിനും ആവശ്യമായ ശര്‍ഹുകള്‍ നല്‍കിയും ഓരോ പദ്യത്തിന്‍റെയും ആശയ വിവരണം നടത്തുന്ന രീതിയാണ് പ്രസ്തുത ഗ്രന്ഥത്തില്‍ അവലംബിച്ചിട്ടുള്ളത്. ‘ആത്മജ്ഞാനികളുടെ പറുദീസ’, ‘ആത്മീയോല്‍ക്കര്‍ഷത്തിന്‍റെ വിഹായസ്സിലേക്ക്’ തുടങ്ങിയ കൃതികളും തസ്വവ്വുഫില്‍ ബാവ ഉസ്താദിനുണ്ട്.

വിശ്വാസശാസ്ത്രം

വിശ്വാസ ശാസ്ത്രത്തിലും വലിയ സംഭാവനകള്‍ ഉസ്താദ് സമൂഹത്തിന് അർപ്പിച്ചു. ‘യനാബീഉല്‍ ഗിനാ ശര്‍ഹു അസ്മാഇല്ലാഹില്‍ ഹുസ്നാ’ എന്ന അറബി ഗ്രന്ഥം ഇത്തരത്തിലുള്ള ഒന്നാണ്. അല്ലാഹുവിന്‍റെ തിരുനാമങ്ങളുടെ അര്‍ത്ഥതലങ്ങളും അവ ഓരോന്നന്റേയും തഅല്ലുഖും തഹല്ലുകും തഹഖുകും അപഗ്രഥിക്കുന്ന ഗ്രന്ഥം. ഏതൊക്കെ പ്രശ്നങ്ങള്‍ക്ക് ഏതെല്ലാം ഇസ്മുകൾ ചൊല്ലണമെന്ന പ്രത്യേക കുറിപ്പുകളും ഇതിലുണ്ട്. അല്ലാഹുവിന്‍റെ നാമങ്ങളെ ഇതിവൃത്തമാക്കി ഖുത്വുബുല്‍ അഖ്ത്വാബ് അബ്ദുല്‍ ഖാദിര്‍(റ)വും അല്ലാമാ മുഹമ്മദ് ദിംയാത്വി(റ)വും തയ്യാറാക്കിയ രണ്ടു ഖസ്വീദകള്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് ‘അത്തവസ്സുലുല്‍ അസ്നാ ബില്‍ അസ്മാഇല്‍ ഹുസ്നാ’.

ദർസുകളിലെ കന്നി ഘട്ടത്തിൽ ഓതുന്ന കൊച്ചു പദ്യഗ്രന്ഥമായ അഖീദത്തുൽ അവാമിനും ഉസ്താദ് ശറഹ് ചെയ്തിട്ടുണ്ട്.  ‘അതീദതുല്‍ മഹാം ശര്‍ഹു അഖ്വീദതില്‍ അവാം’ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കൃതി വിദ്യാർത്ഥികൾക്കൊരു കൈമുതലാണ്. പ്രരാവചകർ (സ്വ) യിൽ നിന്ന് ഉണ്ടായ അത്ഭുത സംഭവങ്ങൾ (മുഅ്ജിസത്തുകൾ)  സ്വീകാര്യമായ റൂട്ടുകളിലൂടെ ഉദ്ധരിക്കപ്പട്ട ധാരാളം ഹദീസുകളെ ആധാരമാക്കി തെയ്യാറാക്കിയ അമൂല്യ, അപൂർവ്വ അറബിക് കൃതിയാണ് ‘അല്‍അംസിലതുല്‍ റായിഅ മിനല്‍ മുഅ്ജിസാതിസ്സാത്വിഅ’, വിശ്രുത പണ്ഡിതൻ ഇമാം സയൂത്തിയുടെ കിതാബുസ്സുആല്‍’ എന്ന പദ്യകൃതിക്ക് ഉസ്താദ് എഴുതിയ ശറഹാണ് സഹാബു സുആൽ. ഇത് വിദേശത്തും അച്ചടിച്ച് വരുന്നു.

ചരിത്രം

ചരിത്രത്തിലാണ് ഉസ്താദിന്‍റെ ശ്രദ്ധേയമായ പല കൃതികളും. അവിശ്രമ പരിശ്രമത്തിലൂടെ അങ്ങോർ ഈ ശാസ്ത്രത്തിൽ വിജയഗാഥ രചിച്ചു. മനുഷ്യ പിതാവായ ആദം നബി(അ)യെ കുറിച്ചുള്ള ‘അബുല്‍ ബശര്‍’ ആണ്  ആദ്യഗ്രന്ഥം. മനുഷ്യോല്‍പത്തി, ഭാഷോല്‍പത്തി, ഭാഷാ വൈവിധ്യം, വര്‍ണ വൈവിധ്യം, പരിണാമ സിദ്ധാന്തം, ഭൗതിക പുനര്‍ജന്മം എന്നിവയെ കുറിച്ചുള്ള പഠനവും ആദം, സ്വര്‍ഗ നിവാസവും പ്രവാസവും, ഒരു ലക്ഷം ആദം, ആദം ഖുര്‍ആനിലും ബൈബിളിലും, ആദമും ആധുനിക ശാസ്ത്രവും തുടങ്ങിയ ശീര്‍ഷകങ്ങളില്‍ ആദിമ മനുഷ്യനുമായി ബന്ധപ്പെട്ട കാമ്പുള്ള ചർച്ചകൾ ഇതലുടെനീളെ എടുത്തിട്ടിരിക്കുന്നു.

‘സയ്യിദുല്‍ ബശറാ’ണ് ഉസ്താദിന്റെ മാസ്റ്റര്‍ പീസ്. മനുഷ്യരുടെ അനിഷേധ്യ നേതാവായ മുഹമ്മദ് നബി(സ്വ)യുടെ സമഗ്രവും സംക്ഷിപ്തവുമായ ജീവചരിത്രമാണിത്. അറുപതിലധികം ആധികാരിക ഗ്രന്ഥങ്ങള്‍ അവലംബിച്ചുകൊണ്ട് സ്ഥലകാല നിര്‍ണയ കാര്‍ക്കശ്യത്തോടെ 450-ല്‍ പരം പേജുകളില്‍ ജാമിഉം മാനിഉമായി (ആവശ്യസമാഹാര-അനാവശ്യ സംസ്കരണമായി) എഴുതപ്പെട്ട മഹത് ഗ്രന്ഥം. ആവശ്യമായ അടിക്കുറിപ്പുകള്‍, ഭൂപടങ്ങള്‍, പട്ടികകള്‍  ഉചിതസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. പ്രബലമായ ഡാറ്റകൾ മാത്രം അവലംബിച്ചുള്ള സംക്ഷിപ്ത പ്രവാചക-ചരിത്ര ഗ്രന്ഥം ഇതിന് മുമ്പ് തീരെ ഇല്ലായിരുന്നു. പ്രബലവും അപ്രബലവും കൂടിക്കുഴഞ്ഞ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുമ്പോൾ നെല്ലും പതിരും വേർതിരിക്കണമായിരുന്നു. ആ ഒരു വിടവാണ് സയ്യിദുൽ ബഷർ നികത്തിയത്. ആ പ്രയാസമാണ് ഉസ്താദ് ഇതിലൂടെ തീർത്തത്.  ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഈ കൃതി  ഉന്നത മതകലാലയങ്ങളിൽ ഇതുൾപ്പെടുത്താതെ തരമില്ല. ആധുനിക വിദ്യാർത്ഥി തലമുറ പ്രവാചക ചരിത്രപഠനത്തിന് ഈ ഗൃന്ഥം  അവലംബിച്ച് കൊണ്ടിരിക്കുന്നു.

തിരുനബി(സ്വ)ക്കു ശേഷം ലോകം കണ്ട ഏറ്റവും നീതിനിഷ്ഠവും മാതൃകാപരവുമായ ചതുർഖലീഫമാരുടെ മുപ്പതു സംവത്സരങ്ങൾ നീണ്ടുനിന്ന സുവര്‍ണ ഭരണത്തിന്‍റെ ലളിത ചരിത്രം പരിചയപ്പെടുത്തുന്ന ‘ഖിലാഫതുര്‍റാശിദ’, പിന്നീട് അധികാരത്തിൽ വന്ന ഉമവി ഭരണകൂടത്തിന്‍റെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രവും രാഷ്ട്രീയ, സാമൂഹിക, വൈജ്ഞാനിക, സാഹിത്യ നിലപാടുകളും അവലോകനം ചെയ്യുന്ന ‘ഖിലാഫതുല്‍ ഉമവിയ്യ’, ഇസ്ലാമിക ഭരണാരംഭം മുതല്‍ അബ്ബാസിയ്യാ ഖിലാഫത്ത് വരെയുള്ള ചരിത്രത്തിന്‍റെ ഹൃസ്വാവലോകനവും സ്പെയിനിലെയും ഇന്ത്യയിലെയും മുസ്ലിം ഭരണ ചരിത്രം, ഉസ്മാനിയ ഖിലാഫത്ത് ചരിത്രം, മംഗോളിയന്‍ മുന്നേറ്റം, തര്‍ത്താരികളുടെ കടന്നാക്രമണം, മുസ്ലിം കേരളത്തിന്‍റെ ചരിത്രം എന്നിവയെല്ലാം  കഥിച്ച് തരുന്ന  ‘താരീഖുല്‍ ആലമില്‍ ഇസ്ലാമി’ തടങ്ങിയ ചരിത്ര രചനകൾ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. ഈ ശ്രമകരമായ കൃതികൾ പലയിടങ്ങളിലും പാഠപുസ്തകങ്ങളാണ്.

‘ഖലീലുല്ലാഹി ഇബ്റാഹീം (അ)’, ‘അല്‍ഇമാമുശ്ശാഫിഈ മനാഖിബുഹു വ മവാഹിബുഹു, ‘ഇമാമുല്‍ മുഹദ്ദിസീന്‍ മുഹമ്മദുബ്നു ഇസ്മാഈലുല്‍ ബുഖാരി’, ‘ഖുത്വുബുല്‍ അഖ്ത്വാബ് അശ്ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)’ ‘സീറതു ഉമറിബ്നി അബ്ദില്‍ അസീസ്’ ‘റഈസുസ്സാഹിദീന്‍ ഇബ്റാഹീമുബ്നു അദ്ഹം(റ)’ തുടങ്ങിയവ അങ്ങോർ രചിച്ച ജീവചരിത്ര ഗ്രന്ഥങ്ങളാണ്.

സാഹിത്യം

അറബി സാഹിത്യ-ശാസ്ത്രത്തിൽ ഉസ്താദിന്‍റെ വെറിട്ട കൃതിയാണ് ‘ജിനാനുല്‍ അദബ്’. അറബി സാഹിത്യ ലോകത്ത് വിശ്രുതരായ ഗദ്യപദ്യ സാഹിത്യശിരോമണികളുടെ ഏറ്റം മികച്ച സാഹിത്യ സൃഷ്ടികളുടെ മാതൃകകളും അവയുടെ അനിവാര്യ വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകമാണിത്. ഇംറുല്‍ ഖൈസ്, ലബീദ്, ഡോ. ത്വാഹാ ഹുസൈന്‍, കാമില്‍ കൈലാനി, അഹ്മദ് ശൗഖി, അല്‍മന്‍ഫലൂത്വി തുടങ്ങിയവരുടെ സാഹിത്യ ശകലങ്ങള്‍  ഈ കൃതി പരാമർശിക്കുന്നു. ചിലയിടങ്ങളിൽ ഈ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നു.

സംഭവ കഥകള്‍

അത്ഭുത ശരീരങ്ങള്‍, അപൂര്‍വ ജഡങ്ങള്‍, വിഷമുഖം സൃഷ്ടിച്ച മയ്യിത്തുകള്‍, മരണാനന്തരം സംസാരിച്ചവര്‍, അന്തരീക്ഷത്തിലൂടെ പറന്നവര്‍, ഖബ്റിലെ അത്ഭുത പ്രകടനങ്ങള്‍ തുടങ്ങി നൂറ്റി എഴുപതോളം തലക്കെട്ടുകളലായി എഴുപതിലധികം കൃതികളുടെ അവലംബാകമ്പടിയോടെയുള്ള ഉസ്താദിന്റെ അറബി രചനയാണ് ‘അല്‍അജ്വാദുല്‍ അജീബ വല്‍ അബ്ദാനുല്‍ ഗരീബ’. ഒരു മലയാളി പണ്ഡിതൻ ഇത് മലയാത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വ്യത്യസ്ത സംഭവങ്ങള്‍ നല്‍കുന്ന ഗുണപാഠങ്ങള്‍ക്കനുസൃതമായി തലക്കെട്ടുകള്‍ നല്‍കി തയ്യാറാക്കിയ ബൃഹത് ഗ്രന്ഥമായ ‘അല്‍ഫു ഖിസ്സതിന്‍ വഖിസ്സ (1001 കഥകള്‍), ദാനധര്‍മങ്ങള്‍ വിശദീകരിക്കുകയും ഔദാര്യത്തിന്‍റെ നിറകുടങ്ങളായ പൂര്‍വസൂരികളുടെ ധർമ്മമനസ്സിനെ  വരച്ചുകാട്ടുകയും  ചെയ്യുന്ന ‘കിതാബുല്‍ ജൂദി വസ്സഖാഅ്’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അനുവാചകർക്ക് പുത്തൻ അനുഭവങ്ങളാണ് സമ്മാനിക്കുന്നത് .

പഠനങ്ങള്‍

ഏഴിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് ‘ബുസ്താനുസ്സബ്അ്’. ഏഴുമായി ബന്ധപ്പെട്ട ഇരുന്നൂറിലധികം വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നു. ഖുര്‍ആൻ, ഹദീസ്, കര്‍മശാസ്ത്രം, വിശ്വാസ കാര്യങ്ങൾ, വ്യക്തികൾ, സമൂഹം, ആകാശം, ഭൂമി, ഭാഷ തുടങ്ങിയ നിരവധി തലങ്ങളിൽ ഏഴ് എന്ന സംഖ്യയുടെ സ്വാധീനം ചിത്രീകരിച്ച്, അപഗ്രഥിക്കുന്ന സവിശേഷ ഗ്രന്ഥമാണിത്.

ചിന്തിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്ത   ഒട്ടകത്തെക്കുറിച്ചും  അതിന്‍റെ മാംസം, മൂത്രം, രക്തം എന്നിവയുടെ സവിശേഷതകള്‍, ഒട്ടകപ്പാലിന്‍റെ പോഷക മൂല്യം, ഔഷധ വീര്യം എന്നിവയെല്ലാം വിശദീകരിക്കുന്ന ‘സഫീനതുസ്സ്വഹ്റാഅ്’ (മരുക്കപ്പല്‍), കളിവിനോദങ്ങളോടുള്ള ഇസ്ലാമിക വീക്ഷണം വിവരിക്കുന്ന ‘കളിയും വിനോദവും’. പൂച്ചയുടെ സ്നേഹം, ബുദ്ധി സാമര്‍ത്ഥ്യം, ഓര്‍മശക്തി, മാതൃക, കുറ്റാന്വേഷണം എന്നിവയുള്‍ക്കൊള്ളുന്ന ‘മാര്‍ജ്ജാര ശാസ്ത്രം’ തുടങ്ങിയ രസകരമായ കൃതികളും ഉസ്താദിന്‍റെ പഠനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു. ‘യോഗ-ധ്യാനം-ഇസ്ലാം’, ‘അന്ത്യപ്രവാചകരുടെ പ്രവചനങ്ങള്‍’, ‘കാത്തിരുന്ന പ്രവാചകര്‍’, ‘ഇന്‍ഷൂറന്‍സും ഷെയര്‍ ബിസിനസ്സും’, ‘പള്ളികള്‍ ഭൗമികപ്പറുദീസകള്‍’ തുടങ്ങിയവയാണ് ഈ  ഇനത്തിലുള്ള മറ്റു കൃതികള്‍.

‘ലി മാദാ’, ലി ഹാദാ’, ‘കൈഫ ദാലിക’ എന്നീ ചോദ്യോത്തര കൃതികള്‍ 1001 സംശയങ്ങൾക്കുള്ള മറുപടിയാണ്. വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും പലപ്പോഴും നമ്മുടെ മനസ്സില്‍ വരുന്ന ‘അതെന്തു കൊണ്ട് അങ്ങനെ’ എന്ന ചോദ്യത്തിനുള്ള മറുപടി നല്‍കുന്ന കൃതികളാണവ. ആദ്യം ലി മാദയും തുടർന്ന് ലി ഹാദയും അവസാനം കൈഫ ദാലികയുമാണ് പുറത്തിറങ്ങിയത്. ഈ പരമ്പരയുടെ തുടർകൃതികൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

‘ചിന്താ കിരണങ്ങള്‍’, ‘വിചാര വീചികള്‍’, ‘നീതിയുടെ നിസ്തുല നിദര്‍ശനങ്ങള്‍’, ‘തൂലികാ തരംഗങ്ങള്‍’, ‘ദീപ്ത ലിഖിതങ്ങള്‍’, ‘പഠനസരണി’ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളും വിചിത്രപഠനങ്ങളും ചിന്തോദ്ദീപകമായ ചര്‍ച്ചകളും പഠനാര്‍ഹങ്ങളായ നിരൂപണങ്ങളുമടങ്ങിയ ലേഖന സമാഹാരങ്ങള്‍ വായനക്കാര്‍ക്ക് അനിവാര്യമായ വിഭവങ്ങള്‍ നല്‍കുന്നവയത്രെ. വാരികകളിലും മാസികകളിലും പത്രങ്ങളിലും സോവനീറകളിലും വന്ന ഉസ്താദിന്റെ എഴുത്തുകുത്തുകളാണ് ഇവയിൽ ചേർക്കപ്പെട്ടിട്ടുള്ളത്.

ഇവയ്ക്കെല്ലാം പുറമെ ‘തന്‍വീറുല്‍ ഈമാന്‍ ബി തഫ്സീറില്‍ ഖുര്‍ആന്‍’ (3 ഭാഗം), ‘അഖാഇദുല്‍ ഇസ്ലാം’ (രണ്ട് ഭാഗം), ‘തല്‍ഖീസു താരീഖില്‍ ഇസ്ലാമി’ (5 ഭാഗങ്ങള്‍), ‘അല്‍മര്‍അതു ഫീ  ളിലാലില്‍ ഇസ്ലാം’, ‘ബിദായതുന്നഹ്വി വസ്വര്‍ഫ്’ (2 ഭാഗം), ‘തസ്കിയതുല്‍ വില്‍ദാന്‍’, ‘മആലിമുത്തുല്ലാബ്’ തുടങ്ങി നിരവധി വനിത കോളേജുകളില്‍ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിക്കുന്ന കൃതികളും ഉസ്താദിന്‍റേതായുണ്ട്.

പുരസ്കാരങ്ങൾ

സ്വദേശത്തും വിദേശത്തുമുള്ള ഇസ്ലാമിക യൂനിവേഴ്സിറ്റികളിൽ നിന്നുൾപ്പെടെ അനേകം ബഹുമതികൾ ബാവ ഉസ്താദിനെ തേടിയെത്തിയിട്ടുണ്ട്.

1  അൽകോബാർ ഇസ്ലാമിക്
കൾച്ചറൽ ഫൗണ്ടേഷൻ ഓഫ്
ഇന്ത്യയുടെ പ്രഥമ ഇമാം നവവി
പുരസ്കാരം 

2 അൽ മഹ്ളറതുൽ ഖാദിരിയ്യ:യുടെ (കായൽപട്ടണം) ശൈഖ് ജീലാനി
അവാർഡ്

3 സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുരസ്കാരം

4 ജാമിഅ ഇഹ്യാഉസ്സുന്ന മഖ്ദൂമിയ്യ: അവാർഡ്

5 മഅ്ദിനു സ്സഖാഫത്തിൽ ഇസ്ലാമിയ്യ:യുടെ അഹ്മദുൽ ബുഖാരി അവാർഡ്

6 പി എം കെ ഫൈസി മെമ്മോറിയൽ അവാർഡ്

7  മർക്കസു സ്സഖാഫത്തി സുന്നിയ മെറിറ്റ് അവാർഡ്

8 കേരള സർവകലാശാലയുടെ അസ്ഹരി തങ്ങൾ എക്സലൻസ് പുരസ്കാരം