മുത്ത്നബിﷺ തങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രേഷ്ഠവുമായ രാത്രിയായിരുന്നു മിഅ്റാജ് രാവ് . അവിടുത്തെﷺ നുബുവ്വത്തിൻ്റെ 10 വർഷത്തിനും 3 മാസത്തിനും ശേഷം റജബ് 27-ാം രാവിലായിരുന്നു ഈ ശ്രേഷഠ യാത്ര. ഈ യാത്രയിൽ അല്ലാഹു അവിടുത്തേക്ക്ﷺ പാരിതോഷികം നൽകിയതാണ് നിസ്കാരം. ആ ദിവസത്തെ ളുഹ്റ് മുതൽ തന്നെ നിസ്കാരം നടപ്പിലാവുകയും ചെയ്തു .
ഓരോ വ്യക്തിയുടെ മേലിലും നിർബന്ധമായിട്ടുള്ള നിസ്കാരം ദിവസവും 5 സമയങ്ങളിലാണ്.
ശരീരം കൊണ്ട് ചെയ്യുന്ന ഇബാദത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായത് നിസ്കാരമാണ്. തക്ബീർ കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവർത്തനങ്ങളുമാണ് ശറഇൽ നിസ്കാരം എന്നത്. ഒരു കെട്ടിടം നില നിൽക്കാൻ തുൺ അനിവാര്യമായത് പോലെ ദീൻ നിലനിൽക്കാൻ നിസ്കാരം അനിവാര്യമാണ്.
നിസ്കാരം നിർബന്ധമാകുന്നവർ
പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമീങ്ങൾക്കും സ്ത്രീപുരുഷ ഭേദമന്യേ 5 വഖ്ത് നിസ്കാരം നിർബന്ധമാണ്. കാഫിറിന് നിസ്കാരം നിർബന്ധമില്ല. അസ്ലിയായ കാഫിർ മുസ്ലിമായാൽ ഖളാഅ് വീട്ടലും നിർബന്ധമില്ല, എങ്കിലും വീട്ടൽ സുന്നത്തുണ്ട്. എന്നാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോയ വ്യക്തിയാണെങ്കിൽ അവൻ ഇസ്ലാമിലേക്ക് മടങ്ങി വന്നതിന് ശേഷം ആ സമയമത്രയും നഷ്ടപ്പെട്ട നിസ്കാരങ്ങൾ മുഴുവനും ഖളാഅ് വീട്ടൽ നിർബന്ധമാണ്.
ഭ്രാന്ത് കൊണ്ടോ ബോധക്ഷയം കൊണ്ടോ ബുദ്ധിനീങ്ങിയാൽ ആ സമയത്തുള്ള നിസ്കാരം അവനിക്ക് ഖളാഅ് വീട്ടൽ നിർബന്ധമില്ല, വീട്ടൽ സുന്നത്തുണ്ട് താനും.
എന്നാൽ ലഹരി കൊണ്ട് അതിക്രമം കാണിച്ച വ്യക്തി ആ സമയത്തുള്ള നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമാണ്.
ഓപ്പറേഷന് വേണ്ടിയോ അല്ലെങ്കിൽ അതിക്രമമല്ലാത്ത അത് പോലെയുള്ള മറ്റ് കാര്യങ്ങൾക്ക് വേണ്ടിയോ ബുദ്ധിനീക്കാൻ ഒരാൾ നിർബന്ധിതനായാൽ ആ സമയത്തുള്ള നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല, അതിൻ്റെ പേരിൽ അവൻ കുറ്റക്കാരനാവുകയുമില്ല. മറിച്ച് സ്ഥിരതയും ഓർമ്മയും നഷ്ടപ്പെടാത്ത ഏത് വിധേനയുള്ള രോഗാവസ്ഥയിലാണെങ്കിലും നിസ്കാരം ഉപേക്ഷിക്കാൻ പാടില്ല.
ഇതുപോലെ ത്തന്നെയാണ് ഹൈള് നിഫാസ്കാരി അതിൽ നിന്ന് ശുദ്ധി ആയാൽ ആ സമയത് നഷ്ടപ്പെട്ട നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല… വീട്ടൽ ഹറാമാണ്.
പ്രതിബന്ധങ്ങൾ ഉണ്ടാകലും അവ നീങ്ങലും
ഒരു നിസ്കാരത്തിൻ്റെ സമയത്തിൽ നിന്ന് ഒരു തക്ബീറിനുള്ളത്രയും സമയം ബാക്കി നിൽക്കെ ഒരാളിൽ നിന്ന് കുഫ്റ്, ഭ്രാന്ത്, കുട്ടിത്തം, ഹൈള്, നിഫാസ് എന്നി പ്രതിബന്ധങ്ങൾ നീങ്ങിയാൽ ആ വഖ്തിലുള്ള നിസ്കാരം അവൻ്റെ മേൽ നിർബന്ധമായി, അതിൻ്റെ മുമ്പുള്ള നിസ്കാരം ഇതിനോട് കൂടെ ജംആക്കി നിസ്കരിക്കുന്ന നിസ്കാരമാണെങ്കിൽ അതും അവനിക്ക് നിർബന്ധമായി.
ഉദാഹരണം: ഒരു സ്ത്രീക്ക് അസ്റിൻ്റെ അവസാന സമയത്ത് ഒരു തക്ബീറിൻ്റെ ഖദ്റ് സമയമുള്ളപ്പോൾ ഹൈള് നിലച്ചാൽ അവൾ അസ്റും നിസ്കരിക്കണം ളുഹ്റും നിസ്കരിക്കണം, കാരണം ളുഹ്റ് അസ്റിനോട് കൂടെ ജംആക്കുന്ന നിസ്കാരമാണ്.
എന്നാൽ ഒരു നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ച ശേഷം ഫർള് നിസ്കരിക്കാനുള്ള സമയം ലഭിച്ച ഒരാൾക്ക് ഇവയിൽ ഏതെങ്കിലും ഒരു പ്രതിബന്ധം ഉണ്ടായാൽ ആ ഫർള് നിസ്കാരവും അയാൾക്ക് നിർബന്ധമാകും. സമയം ആയ ഉടനെയാണ് പ്രതിബന്ധം ഉണ്ടായതെങ്കിൽ ഖളാഅ് വീട്ടേണ്ടതില്ല.
ഉദാഹരണം: ളുഹ്റിൻ്റെ സമയമായിട്ട് അഞ്ച് മിനിറ്റ് ആയ ശേഷമാണ് ഒരു സ്ത്രീക്ക് ഹൈള് ഉണ്ടാകുന്നതെങ്കിൽ അവൾ ആ നിസ്കാരം ഖളാഅ് വീട്ടണം.
നഷ്ടപ്പെട്ട നിസ്കാരത്തെ പെട്ടെന്ന് നിർവഹിക്കൽ
നഷ്ടപ്പെട്ട നിസ്കാരത്തെ പെട്ടെന്ന് ഖളാഅ് വീട്ടണം, ആ വഖ്തിലുള്ള നിസ്കാരത്തേക്കാൾ അതിനെ മുന്തിക്കണം. കാരണമില്ലാതെ ഒരാൾക്ക് ഫർള് നിസ്കാരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾ ഉറക്കം, ചിലവിനുള്ളത് സമ്പാദിക്കുക പോലെയുള്ള അനിവാര്യ കാര്യങ്ങളൊഴിച്ച് ബാക്കി വരുന്ന സമയം മുഴുവനും ഖളാഅ് വീട്ടാൻ വിനിയോഗിക്കൽ നിർബന്ധമാണ്. കാരണത്തോടെ നഷ്ടപ്പെട്ട നിസ്കാരത്തേക്കാൾ കാരണമില്ലാതെ നഷ്ടപ്പെട്ട നിസ്കാരം മുന്തിക്കൽ നിർബന്ധമാണ്. ഇവിടെ തർത്തീബ് ഇല്ലെങ്കിലും കുഴപ്പമില്ല, എന്നാൽ എല്ലാ നിസ്കാരവും കാരണത്തോടെയാണ് അല്ലെങ്കിൽ എല്ലാ നിസ്കാരവും കാരണമില്ലാതെയാണ് എങ്കിൽ തർത്തീബ് സുന്നത്താണ്.
നിസ്കാരം ഉപേക്ഷിച്ചവർക്കുള്ള ശിക്ഷ
നിസ്കാരം വെറുമൊരു ആരാധനയല്ല, വിശ്വാസിയുടെ അടയാളമാണ്. നിർബന്ധമാണ് എന്നുളളത് അനിവാര്യമായ നിലക്ക് ദീനിൽ അറിയപ്പെട്ടതാണ്. എന്നിരിക്കെ നിസ്കാരത്തെ ഒരുത്തൻ നിശേധിച്ചാൽ അവൻ കാഫിറാക്കും, അവൻ്റെ കുഫ്റ് കാരണം അവനെ വധിക്കപ്പെടണം എന്നാണ് ഇസ്ലാമിൻ്റെ കൽപ്പന. ഓരാൾ മടി കാരണം നിസ്കാരത്തെ അതിൻ്റെ സമയത്തിൽ നിന്നും ജംആക്കുന്ന സമയത്തിൽ നിന്നും ഒഴിവാക്കിയാൽ ശിക്ഷ എന്ന നിലക്ക് അവനെ വധിക്കണം, അവിശ്വാസി എന്ന നിലക്കല്ലാത്തത് കൊണ്ട് തന്നെ അവനെ കുളിപ്പിച്ച് കഫം ചെയ്ത് അവൻ്റെ മേൽ നിസ്കരിച്ച് മുസ്ലിമീങ്ങളുടെ ഖബർസ്ഥാനിൽ മറവ് ചെയ്യുകയും വേണം.
കുട്ടിയും നിസ്കാരവും
വിശ്വാസികളായ നമ്മുക്ക് ഇരുലോകത്തും വിജയവും രക്ഷയും ലഭിക്കാൻ നിസ്കാരം അനിവാര്യമാണ്. നാം മാത്രമല്ല നമ്മുടെ അഹ്ലുകാരെയും നമ്മൾ നിസ്കാരം കൊണ്ട് പ്രേരിപ്പിക്കണം. നാമും കുടുംബവും നിസ്കാരം നിലനിർത്തുന്നവരാവുക എന്നത് തന്നെയാണ് നമ്മുടെ വിജയത്തിൻ്റെ താക്കോൽ. ഇസ്ലാം കുട്ടികളുടെ കാര്യത്തിൽ വളരെ ദീർഘ വീക്ഷണമുള്ള മതമാണ്, മക്കൾക്ക് ഏഴ് വയസ്സായാൽ അവർക്ക് നിസ്കരിക്കൽ നിർബന്ധമില്ലെങ്കിലും അവരെ നിസ്കാരം പരിശീലിപ്പിക്കൽ രക്ഷിതാക്കൾക്ക് നിർബന്ധമാണ്. മുത്ത് നബിﷺ തങ്ങൾ പറഞ്ഞു:
*مُرُوا الصبيَّ بالصلاةِ إذا بلغ سَبْعَ سِنِينَ ، وإذا بلغ عَشْرَ سِنِينَ فاضرِبوه عليها..*
ഏഴ് വയസ്സായാൽ കുട്ടിയെ നിസ്കാരം കൊണ്ട് കൽപ്പിക്കുകയും പത്ത് വയസായാൽ നിസ്കരിക്കാത്തതിൻ്റെ പേരിൽ അവനെ അടിക്കുകയും ചെയ്യുക...
ഈ ഹദീസ് തന്നെ വ്യക്തമാണ് ഇസ്ലാം ചെറുപ്പം തൊട്ടേ നിസ്കാരം ശീലിപ്പിക്കാൻ എത്ര പ്രാധാന്യം കൊടുക്കുന്നു എന്നത്.. ഇവിടെ അടിക്കുക എന്നത് ഉപദ്രവ രൂപത്തിലല്ലാതെ ഗുണകാംഷയോടെയുള്ള തിരുത്തലാണ്, തെറ്റ് ചെയ്യാതിരിക്കാനുള്ള ഒരു താക്കീത്. ഈ പ്രായത്തിൽ നമ്മൾ നിർബന്ധിപ്പിക്കാതെ തന്നെ സ്നേഹത്തോടെ കൂടെ നിർത്തി കുട്ടിക്ക് ആവേശമായി തോന്നും വിധം പരിശീലിപ്പിക്കേണ്ടതുണ്ട്.

നിസ്കരിക്ക് എന്ന് കൽപ്പിക്കുന്നതിനപ്പുറം ‘വാ നമുക്ക് ഒരുമിച്ച് നിസ്കരിക്കാം’ എന്ന രീതിയിലാണെങ്കിൽ അവർക്ക് താല്പര്യം കൂടുതലാകും. ചെറുപ്രായത്തിൽ തന്നെ നിസ്കാരത്തിൻ്റെ പൂർണ്ണ രൂപം പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്താൽ മാത്രമേ പ്രായപൂർത്തിയാകുമ്പോൾ കുറ്റമറ്റ രീതിയിലുള്ള നിസ്കാരം ഒഴിച്ച്കൂടാൻ പറ്റാത്തൊരു ഇബാദത്തായി നില നിർത്താൻ കഴിയൂ…
പ്രായ പൂർത്തിയായാൽ കുട്ടിക്ക് ഖളാഅ് വീട്ടൽ നിർബന്ധമില്ല എങ്കിലും വകതിരിതിവ് എത്തിയ ശേഷമുള്ള കുട്ടിക്കാലത്ത് നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടൽ സുന്നത്തുണ്ട്. രക്ഷിതാക്കൾ ഒരു പരിശീലനവും കൊടുക്കാതെ പ്രായ പൂർത്തിയായ ശേഷം നീ പോയി നിസ്കരിക്ക് എന്ന നിർബന്ധ കൽപ്പന ഏതൊരു കുട്ടിക്കും സാധിക്കാത്തതാണ്. അത് കൊണ്ട് തന്നെയാണ് ഇത്രയും ഭംഗിയിൽ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്.. ഇവിടെ രക്ഷിതാക്കൾ എന്നത് കൊണ്ടുള്ള വിവക്ഷ മാതാപിതാകൾ മാത്രമല്ല, അവരുടെ അഭാവത്തിൽ ഇത്തരം ബാധ്യതകളും കടമകളും വലിയുപ്പ വലിയുമ്മമാരിലേക്കും ശേഷം മറ്റു രക്ഷാകർത്താക്കളിലേക്കും നീങ്ങുന്നതാണ്..
കുട്ടിക്ക് നിസ്കാരവും മറ്റു മത നിയമങ്ങളും പഠിപ്പിക്കാനാവശ്യമായ ചിലവ് കുട്ടിക്ക് സമ്പത്തുണ്ടെങ്കിൽ അതിൽ നിന്നും ഇല്ലെങ്കിൽ പിതാവിൻ്റെ സ്വത്തിൽ നിന്നും അതുമില്ലെങ്കിൽ മാതാവിൻ്റെ സ്വത്തിൽ നിന്നുമാണ് എടുക്കേണ്ടത് .
ഉപസംഹാരം
നിസ്കാരം എന്നത് അല്ലാഹുവുമായുള്ള ബന്ധവും പാപ സംരക്ഷണവും ശുചിത്വവും സമയനിഷ്ഠയും മാനസിക ശാരീരിക സുഖവും നില നിർത്താൻ സഹായിക്കുന്നു.
ദിവസവും അഞ്ച് തവണ നിർവഹിക്കുന്ന നിസ്കാരം മനുഷ്യൻ്റെ തെറ്റുകളെ കഴുകി കളയുന്നു.. വീട്ടുപടിക്കലിലൂടെ ഒഴുകുന്ന നദിയിൽ നിന്ന് ദിവസവും അഞ്ച് നേരം കുളിക്കുന്നവൻ്റെ ശരീരത്തിൽ അഴുക്ക് ബാക്കി നിൽക്കാത്തത് പോലെയാണ് അഞ്ച് നേരത്തെ നിസ്കാരം നിർവഹിക്കുന്നവൻ്റെ ദോശങ്ങളേയും അല്ലാഹു കഴുകി കളയുന്നത് എന്ന് മുത്ത് നബിﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്… അത് കൊണ്ട് തന്നെ നിസ്കാരം കൃത്യതയോടെ നിലനിർത്തുക, ഉപേക്ഷിക്കുന്നവന് ഇരു ലോകത്തും നഷ്ടം ഏറെത്തന്നെയാണ്…
KD 845 ഫാത്തിമ ത്വാഹിറ പാലക്കാട്
(ഖുലാസ ദർസ് പതിനഞ്ചാം ബാച്ച് പഠിതാവ് മർഹല 1)
ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലേഖനം.
നിസ്കാരം: ബാധ്യതകളും വിധിനിയമങ്ങളും (اَلصَّلَاةُ، وُجُوبُ الصَّلَاةِ، زَوَالُ الْمَوَانِعِ وَعُرُوضُهَا، حَدُّ تَارِكِ الصَّلَاةِ، اَلْبِدَارُ بِالْفَائِتِ، اَلصَّبِيُّ وَالصَّلَاةُ) മുകളിൽ പരാമർശിച്ച തലവാചകത്തെയും ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി എന്ന ഗ്രന്ഥത്തിലെ ഈ പാഠഭാഗത്തെയും ആസ്പദമാക്കിയായിരുന്നു മത്സരം.


